മലയാള സിനിമയിലെ പ്രതിഭാധനന്‍ ആയ സംവിധായകന്‍ ലോഹിത ദാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 10:15ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചു എങ്കിലും 10:50ഓടെ മരണം സംഭവിക്കുക ആയിരുന്നു. മരണ സമയത്ത് ഭാര്യയും മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹൃദയാഘാതം ആണ് മരണ കാരണം.
മലയാള നാടക രംഗത്തെ അതികായരായ കെ. പി. എ. സി. ക്ക് വേണ്ടി നാടകം രചിച്ചു കോണ്ടാണ് ലോഹിത ദാസ് തന്റെ കലാ ജീവിതത്തിന് തുടക്കമിട്ടത്. തോപ്പില്‍ ഭാസി അംഗീകരിച്ച തന്റെ കന്നി തിരക്കഥ കെ. പി. എ. സി. അവതരിപ്പിക്കുകയും ഈ തിരക്കഥക്ക് ഇദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു.
മലയാള സിനിമയില്‍ ലോഹിത ദാസിന്റെ രംഗ പ്രവേശം സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന സിനിമയുടെ തിരക്കഥ രചിച്ചു കൊണ്ടായിരുന്നു. വന്‍ വിജയമായ ആ സിനിമയോടെ സിബി മലയില്‍ – ലോഹിത ദാസ് കൂട്ട് കെട്ട് അവിടുന്നങ്ങോട്ട് ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തിന് കാഴ്ച വെച്ചു.



സൌദി അറേബ്യയിലേക്ക് പറക്കാനിരുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കൊച്ചി വിമാന താവളത്തില്‍ ഏറെ സമയം പരിഭ്രാന്തി പടര്‍ത്തി. സൌദി എയര്‍ലൈന്‍സിന്റെ ജെദ്ദയിലെ ഓഫീസില്‍ നിന്നാണ് വ്യോമ ഗതാഗത ബ്യൂറോക്ക് ഈ അജ്ഞാത ബോംബ് ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനങ്ങളും വിമാന താവളവും വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഏതെങ്കിലും ഒരു പ്രത്യേക വിമാനത്തിനാണോ ഭീഷണി എന്ന കാര്യം വ്യക്തമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിമാന താവളങ്ങള്‍ക്ക് മുഴുവന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുണ്ടായി.
ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള ബില്‍ (American Clean Energy and Security Act) അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. 219 – 212 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസാക്കിയത്. താപം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ ഉല്പാദനത്തില്‍ 2050 ഓടെ 83% ശതമാനം കുറവ് വരുത്താനാണ് ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പോപ് രാജാവ് മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു. വ്യാഴാഴ്ച ലോസ് ആഞ്ചലസിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് അന്‍പതുകാരനായ ജാക്സണ്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. ലോസ് ആഞ്ചത്സിലെ വാടക വീട്ടില്‍ നിന്നും ഹ്രദയാഘാതത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെങ്കിലും ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു കാലത്ത് കോടിക്കണക്കിന് സംഗീത പ്രേമികളുടെ ഹൃദയ സ്പന്ദനമായിരുന്ന മൈക്കല്‍ ജാക്ക്സണ്‍ കുറേ വര്‍ഷങ്ങളായി ചില വിവാദങ്ങളില്‍ പെട്ട് ഉഴലുകയായിരുന്നു. അടുത്ത മാസം ലണ്ടനില്‍ തുടങ്ങാനിരുന്ന അന്‍പതോളം സംഗീത പരിപാടികളിലൂടെ ഒരു തിരിച്ചു വരവിനായുള്ള ഒരുക്കത്തിലായിരുന്നു ജാക്സണ്.
























