ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വാസമുള്ള വിപണികളില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്. ഇന്തോനേഷ്യയാണ് ഒന്നാം സ്ഥാനത്ത്. പ്രമുഖ മാധ്യമ ഏജന്‍സിയായ നീല്‍ സെന്‍ 52 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകം എങ്ങനെ ചിന്തിക്കുന്നു എന്നറിയാനാണ് പ്രമുഖ മാധ്യമ ഏജന്‍സിയായ നീല്‍ സെന്‍ സര്‍വേ നടത്തിയത്. ആഗോള ഉപഭോക്താക്കളുടെ വിശ്വാസ സൂചിക എത്രത്തോളമുണ്ട് എന്നാണ് ഇവര്‍ കണക്കാക്കിയത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വാസമുള്ള വിപണികളില്‍ മൂന്നാം സ്ഥാനം 99 പോയിന്‍റുമായി ഇന്ത്യയ്ക്കാണ്. 104 പോയന്‍റുള്ള ഇന്തോനേഷ്യയാണ് ഒന്നാം സ്ഥാനത്ത്. 102 പോയന്‍റുമായി ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. ഈ ഗണത്തില്‍ ഏറ്റവും പുറകില്‍ 31 പോയന്‍റുമായി കൊറിയയാണ്.
ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നീല്‍ സെന്‍ റീജണല്‍ മാനേജിംഗ് ഡയറക്ടര്‍ പിയൂഷ് മാത്തൂറാണ് സര്‍വേ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുടെ വിശ്വാസ സൂചിക ലോകത്താകമാനം കുറഞ്ഞ് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
52 രാജ്യങ്ങളിലാണ് നീല്‍ സെന്‍ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡക്സ് സര്‍വേ നടത്തിയത്.ജോലി സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുള്ളവരുടെ എണ്ണത്തില്‍ ലോകത്താകമാനം 22 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും സര്‍വേ സൂചിപ്പിക്കുന്നു. ഈ ഗണത്തില്‍ യു.എ.ഇയാണ് ഏറ്റവും മുന്നില്‍. 36 ശതമാനം. 33 ശതമാനവുമായി ഹോങ്കോംഗും 29 ശതമാനവുമായി ഇന്ത്യയും തൊട്ടു പിന്നില്‍ നില്‍ക്കുന്നു.
യു.എ.ഇയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ ജോലി സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ വെളിപ്പെടുത്തുന്നു.