പുലി തലവന് വേലുപിള്ള പ്രഭാകരന്റെ മാതാപിതാക്കള് തമിഴ് അഭയാര്ഥി ക്യാമ്പില് ഉണ്ടെന്നു ശ്രീലങ്കന് സൈന്യം പറഞ്ഞു. പ്രഭാകരന്റെ അച്ഛന് തിരുവെങ്കടം വേലുപിള്ളയും (76) അമ്മ പാര്വതിയും (71) വാവുനിയ പട്ടണത്തിന് അടുത്ത മെനിക് ഫാം കാമ്പില് ആണ് ഉള്ളത്. അവര് സുരക്ഷിതരും ആരോഗ്യം ഉള്ളവരും ആണെന്ന് സൈന്യത്തിന്റെ വാര്ത്താ വക്താവ് ബ്രിഗേഡിയര് ഉദയ നനയകര പറഞ്ഞു.
ഇവര്ക്ക് നേരിട്ട് എല്. ടി. ടി. യുമായി ബന്ധം ഇല്ലെങ്കിലും ഇവരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടെന്നു കുടുംബ സുഹൃത്തുക്കള് പറയുന്നു. മെനിക് ഫാം, കൊളംബൊയില് നിന്ന് 250 കിലോ മീറ്റര് അകലെയാണ്. ഇത് ശ്രീലങ്കയിലെ ഏറ്റവും വലിയ അഭയാര്ത്ഥി ക്യാമ്പ് ആണ്. പ്രഭാകരന്റെ മാതാ പിതാക്കള്ക്ക് ഭക്ഷണവും താമസ സൌകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അവരെ കസ്റ്റഡിയില് എടുത്തു ചോദ്യം ചെയ്യുമോ എന്ന് അറിവായിട്ടില്ല. മാതാ പിതാക്കളെ കണ്ടെത്തിയെന്ന വാര്ത്ത പ്രഭാകരന്റെ ഇംഗ്ലണ്ടില് ഉള്ള സുഹൃത്തുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് നാട്ടില് പത്തു വര്ഷത്തോളം അഭയാര്ത്ഥികള് ആയി താമസിച്ച ഇവര് 2003ലാണ് ആണ് ശ്രീലങ്കയില് മടങ്ങി എത്തിയത്. ഗവണ്മെന്റ് അവരുടെ സുരക്ഷ ഉറപ്പാക്കി എന്ന് പറയുന്നെങ്കിലും ഇക്കാര്യത്തില് വളരയേറെ ആശങ്കകള് ഉണ്ടെന്നു കുടുംബ വൃത്തങ്ങള് പറയുന്നു.
പ്രഭാകരന്റെ പുത്രനായ ചാള്സ് ആന്റണി പോരാട്ടത്തിനിടയില് കൊല്ലപ്പെട്ടു എന്ന് ശ്രീലങ്കന് സേന അവകാശപ്പെടുന്നു എങ്കിലും, അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും എവിടെ ആണെന്ന കാര്യത്തില് ഇപ്പോഴും അവ്യക്തത തുടരുകയാണ്. പുലി നേതാവിന് മൂന്നു സഹോദരങ്ങള് ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഒരു സഹോദരന് ലണ്ടനിലും സഹോദരി കാനഡയില് ആണെന്നും കരുതുന്നു. കുടുംബ അംഗങ്ങള് പറയുന്നത് അദ്ദേഹത്തിന്റെ മാതാ പിതാക്കള്ക്ക് മകന്റെ പ്രവര്ത്തികളെ കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല എന്നും നാട്ടില് ഉണ്ടാകുന്ന രക്ത ചൊരിച്ചിലുകളെ കുറിച്ച് ആകുല ചിത്തര് ആയിരുന്നു എന്നും ആണ്. ഏതായാലും ഒന്നുറപ്പ്, പ്രഭാകരനെ കുറിച്ച് ശ്രീലങ്കയില് നിന്നുള്ള വാര്ത്തകള്ക്കും ഊഹാപോ ഹങ്ങള്ക്കും വിരാമം ആയിട്ടില്ല.



വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യന് വിദ്യാര്ത്ഥി ശ്രാവണ് കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിന് ഇടയിലും ഓസ്ട്രേലിയയില് ഇന്താക്കാര്ക്ക് നേരെയുള്ള ആക്രമണങ്ങള് തുടരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റവും അവസാനത്തെ സംഭവത്തില് സിഡ്നിയിലെ ഹാരിസ് പാര്ക്കിലെ തന്റെ ഫ്ലാറ്റ് മുറിയില് കട്ടിലില് ഇരിക്കുകയായിരുന്ന രാജേഷ് കുമാര് എന്ന ഇരുപത്തി അഞ്ചുകാരന്റെ നേരെ ഒരു അജ്ഞാതന് പെട്രോള് ബോംബ് എറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. കത്തി പിടിച്ച തീയുമായി ഇയാള് ഉറക്കെ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയതിനെ തുടര്ന്ന് ഇയാളുടെ അയല്ക്കാരന് ഓടി എത്തുകയും ഒരു കരിമ്പടം കൊണ്ട് പുതപ്പിച്ച് തീ കെടുത്തുകയും ആയിരുന്നു. രാജേഷ് കുമാറിന്റെ ദേഹത്ത് 30 ശതമാനം പൊള്ളല് ഏറ്റിട്ടുണ്ട്. 
മന്മോഹന് സിംഗ് മന്ത്രി സഭയുടെ ആദ്യ വികസനം ഇന്ന് നടന്നു. കഴിഞ്ഞ ഒരു ദശാബ്ദ്ത്തിനു ശേഷമാണു ഇത്രയും അംഗ സംഖ്യയുള്ള ഒരു മന്ത്രി സഭ ഉണ്ടാകുന്നത്. രാഷ്ട്രപതി ഭവനിലെ അശോക ഹാളില് നടന്ന ചടങ്ങില്, 14 ക്യാബിനെറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതല ഉള്ള 7 മന്ത്രിമാരും, 38 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. 
ഓസ്ട്രേലിയയില് വിദ്യാര്ത്ഥി ആയിരുന്ന ആന്ധ്രാ പ്രദേശ് സ്വദേശി വംശീയ ആക്രമണത്തെ തുടര്ന്ന് അത്യാസന്ന നിലയില് ആണെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന് കോണ്സല് ജനറല് അനിതാ നായര് അറിയിച്ചു. 25 കാരനായ ശ്രാവണ് കുമാര് ആണ് ഒരു സംഘം ഓസ്ട്രേലിയന് യുവാക്കളുടെ ആക്രമണത്തിന് ഇരയായി ഇപ്പോള് മെല്ബണിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയില് കഴിയുന്നത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരവും ആശങ്കാ ജനകവും ആണെന്ന് ഡോക്ടര്മാര് അറിയിച്ചു. ഈ അവസരത്തില് ഇയാളുടെ ജീവന് രക്ഷപ്പെടുത്താന് ആവുമെന്ന് തങ്ങള് വിശ്വസിക്കുന്നില്ലെന്നും എന്നാല് എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ എന്ന പ്രതീക്ഷയില് തന്നെ ഏവരും കാത്തിരിക്കുകയാണ് എന്നും ഇവര് കൂട്ടിച്ചേര്ത്തു. ഒന്നു രണ്ട് ദിവസത്തിനകം വ്യക്തം ആയ ഒരു ചിത്രം ലഭിക്കും എന്നാണ് പ്രതീക്ഷ. തങ്ങള് ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്ക്കത്തിലാണ് എന്നും അനിത പറഞ്ഞു.
























