പുലി വേട്ടക്കിടെ നൂറ് കണക്കിന് സാധാരണ ജനത്തെ കൊന്നൊടുക്കി മുന്നേറുന്ന ശ്രീലങ്കന്‍ സൈന്യം ശ്രീലങ്കയില്‍ ചോര പുഴ ഒഴുക്കുന്നു എന്ന് ഐക്യ രാഷ്ട്ര സഭ അറിയിച്ചു. ഇത്തരം ഒരു രക്ത രൂഷിത പോരാട്ടം ഒഴിവാക്കുന്നതിനു വേണ്ടി ആയിരുന്നു ഇത്രയും നാള് ലോക രാഷ്ട്രങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് യുദ്ധ ഭൂമിയില്‍ കുടുങ്ങി കിടക്കുന്ന ജനത്തെ ഒഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ശ്രീലങ്ക ചെവി കൊണ്ടില്ല. തമിഴ് പുലികളിടെ നിയന്ത്രണത്തില്‍ അവശേഷിക്കുന്ന രണ്ടര ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള കടപ്പുറവും കാടും തിരിച്ചു പിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിനിടയില്‍ 380 പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. നൂറ് കണക്കിന് കുട്ടികള്‍ കഴിഞ്ഞ ദിവസം ഇവിടെ കൊല്ലപ്പെട്ടു എന്ന് ഐക്യ രാഷ്ട്ര സഭാ വക്താവ് കൊളംബോയില്‍ അറിയിച്ചു.
രണ്ടര ലക്ഷത്തോളം പേര് യുദ്ധ ഭൂമിയില്‍ കുടുങ്ങിയിട്ടുണ്ട് എന്ന് ഐക്യ രാഷ്ട്ര സഭ കണക്ക് കൂട്ടിയപ്പോള്‍ വെറും 70,000 പേര് മാത്രമാണ് ഇവിടെ ഉള്ളത് എന്നാണ് ഔദ്യോഗിക കണക്ക് എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇവിടെ നിന്ന് 116,000 പേരെ രക്ഷപ്പെടുത്തി എന്നും ഇവര്‍ക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. ഇപ്പോള്‍ ഇവിടെ വെറും 10,000 പേര് മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് സൈന്യത്തിന്റെ വാദം. എന്നാല്‍ 120,000 പേരെങ്കിലും ഇനിയും ഇവിടെ ഉണ്ട് എന്ന് നയതന്ത്ര വൃത്തങ്ങളും രക്ഷാ പ്രവര്‍ത്തകരും കണക്ക് കൂട്ടുന്നു.