അടുത്ത കാലത്തായി ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍, അവരുടെ ആഭ്യന്തര കാര്യം ആണെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ അഭിപ്രായം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത് വെറും ഒരു ചെറിയ “ക്രമസമാധാന പ്രശ്നം അല്ല” എന്ന് പറഞ്ഞാണ് ബി.ജെ.പി. തരൂരിന്റെ ഈ അഭിപ്രായത്തെ എതിര്‍ത്തത്.
വംശീയ വിരോധവും അതില്‍ നിന്നുണ്ടാകുന്ന അക്രമവും ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം ആയി മാത്രം കാണാന്‍ ആവില്ല എന്നാണ് ബി.ജെ.പി യുടെ വാദം.
നമ്മുടെ രാജ്യത്തില്‍ നിന്നും ഏറെ അകലെ ആയ സൌത്ത് ആഫ്രിക്കയില്‍ വച്ചാണ് മഹാത്മാ ഗാന്ധിജി വര്ണവിവേചനത്തിന് എതിരെ പ്രക്ഷോഭം ആരംഭിച്ചത് എന്ന കാര്യം തരൂര്‍ ഓര്‍ക്കണം എന്നും ബി.ജെ.പി വ്യക്തം ആക്കി.ഇങ്ങനെ ഒരു അഭിപ്രായം എന്ത് കൊണ്ടാണ് മന്ത്രി പറഞ്ഞത് എന്ന് മനസ്സിലാക്കാന്‍ പ്രയാസം ആണെന്നും ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു.
ഈ അക്രമങ്ങള്‍ പ്രധാനം ആയും ആസ്ത്രേലിയന്‍ സമൂഹത്തിന്റെ ആഭ്യന്തര പ്രശ്നം ആണെന്നും അതിനെ ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നം ആയി കാണാന്‍ ആകില്ല എന്നുമാണ് തിരുവനന്തപുരം എം.പി. ആയ തരൂര്‍ സ്വന്തം മണ്ഡലത്തില്‍ വച്ച് പറഞ്ഞത്. അതെ സമയം പഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ബാധ്യത ഇന്ത്യയ്ക്ക് ഉണ്ടെന്നും, എന്നാല്‍ അതിനുള്ള ഉത്തരവാദിത്തം ആസ്ത്രേലിയയ്ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.





വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്. 
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവായ അയത്തൊള്ളാ അലി ഖമേനി ഉത്തരവിട്ടു. ഇതോടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് പ്രസിഡണ്ട് അഹമ്മദി നെജാദ് ജയിച്ചത് എന്ന് ആരോപിച്ച പ്രതിപക്ഷത്തിന് പുതിയ പ്രതീക്ഷയായി. കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടിനെതിരെ ഇറാന്റെ തെരുവുകളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു വരികയായിരുന്നു. അതിനിടെയാണ് ഏവരേയും അമ്പരപ്പിച്ചു കൊണ്ട് ഇറാന്റെ പരമോന്നത നേതാവിന്റെ തികച്ചും അപ്രതീക്ഷിതമായ ഈ നിലപാട്.

























