ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമിതാഭ് ബച്ചന്‍ ഒരു ഓസ്ട്രേലിയന്‍ സര്‍വ്വകലാശാല തനിക്ക് നല്‍കാനിരുന്ന ഡോക്ടറേറ്റ് നിരസിച്ചു എന്ന് പല മലയാള മാധ്യമങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ബച്ചന്‍ തന്റെ ബ്ലോഗിലൂടെയാണ് ഇത് അറിയിച്ചത് എന്നാണ് മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വെബ് സൈറ്റുകള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ബച്ചന്റെ ബ്ലോഗ് പരിശോധിക്കുന്ന ആര്‍ക്കും ഇത് ശരിയല്ല എന്ന് ബോധ്യമാവും.
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ ഹീനമായ ആക്രമണം തനിക്ക് ഏറെ ഞെട്ടലും വിഷമവും ഉളവാക്കി എന്ന് പറയുന്ന ബച്ചന്‍ ഇത് തന്നെ ഒരു വലിയ ആശയക്കുഴപ്പത്തില്‍ എത്തിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ഉള്ള ക്വീന്‍സ്‌ലാന്‍ഡ് സാങ്കേതിക സര്‍വ്വകലാശാല വിനോദ രംഗത്തെ തന്റെ സംഭാവനകളുടെ ബഹുമാനാര്‍ത്ഥം തന്നെ ഡോക്ടറേറ്റ് നല്‍കി അലങ്കരിക്കുവാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു. ഇത് താന്‍ സ്വീകരിക്കുന്നതായി അവരെ അറിയിക്കുകയും ചെയ്തു. ഈ വരുന്ന ജൂലൈ മാസത്തില്‍ തന്റെ സിനിമകളുടെ പ്രദര്‍ശനം നടക്കുന്നതിനൊപ്പം ബ്രിസ്ബേനില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ വെച്ച് തനിക്ക് ഡോക്ടറേറ്റ് സമ്മാനിക്കുവാനാണ് തീരുമാനം. എന്നാല്‍ തന്റെ ദേശവാസികളോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാജ്യത്തില്‍ നിന്നും ഇത്തരം ഒരു അലങ്കാരം സ്വീകരിക്കാന്‍ തന്റെ മനഃസ്സാക്ഷി തന്നെ അനുവദിക്കുന്നില്ല. ഈ വിഷയത്തില്‍ തന്റെ വായനക്കാരുടെ അഭിപ്രായം തനിക്കറിയണം. ഈ വിഷയം ഒരു അഭിപ്രായ വോട്ടെടുപ്പിനായി ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. വായനക്കാരുടെ അഭിപ്രായം തന്നെ ഒരു ശരിയായ തീരുമാനം എടുക്കാന്‍ സഹായിക്കും എന്നും ബച്ചന്‍ എഴുതിയിരിക്കുന്നു.
ബ്ലോഗിലെ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലത്തില്‍ ഇപ്പോള്‍ തന്നെ 68% പേര്‍ പറയുന്നത് ബിഗ് ബി ഓസ്ട്രേലിയന്‍ ഡോക്ടറേറ്റ് സ്വീകരിക്കരുത് എന്നാണ്. ബച്ചന്‍ ഡോക്ടറേറ്റ് സ്വീകരിക്കാതിരിക്കാന്‍ തന്നെയാണ് സാധ്യത എന്ന് ബ്ലോഗ് വായിച്ചാല്‍ തോന്നുകയും ചെയ്യും. എന്നാല്‍ ഇതാണ് കേട്ട പാതി കേള്‍ക്കാത്ത പാതി അമിതാഭ് ബച്ചന്‍ വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയന്‍ ഡോക്ടറേറ്റ് നിരസിച്ചു എന്ന് പ്രമുഖ മലയാള പത്രങ്ങളുടെ വെബ് സൈറ്റുകള്‍ എല്ലാം തന്നെ എഴുതിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, ബ്ലോഗ്, മനുഷ്യാവകാശം