മുംബൈ ഭീകരരുമായി ഏറ്റുമുട്ടി വീര മൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് രാഷ്ട്രം കൃതജ്ഞതാ പൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി, രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ഭീകരരുടെ വെടി ഏറ്റ് കൊല്ലപ്പെട്ട ദേശീയ സുരക്ഷാ സേനയില്‍ മേജര്‍ ആയിരുന്ന സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാവ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്, ധീരതക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതി ആയ അശോക ചക്രം സമ്മാനിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ള ജനാവലി വന്‍ കയ്യടിയോടെ ആയിരുന്നു ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
മുംബൈ ഭീകര ആക്രമണത്തിനിടെ കമാന്‍ഡോകള്‍ക്ക് നേതൃത്വം നല്‍കിയ സന്ദീപ് 14 പേരെ അന്ന് ഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷിച്ചു. ഇതിനിടയില്‍ തന്റെ സംഘത്തിലെ ഒരു കമാന്‍ഡോവിന് ഭീകരരുടെ വെടിയേറ്റു. ഇയാളെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് സന്ദീപിന് ഭീകരരുടെ വെടിയേറ്റത്. തന്റെ അവസാന ശ്വാസം വരെ സന്ദീപ് ഭീകരരോട് പൊരുതുകയും ചെയ്തു.



മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ദേശീയ സുരക്ഷാ സേനാ കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ഭീകര വിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കരെ, സബ് ഇന്‍സ്പെക്ടര്‍ തുക്കാറാം ഗോപാല്‍ ഓംബ്ലെ എന്നിവരെ അശോക ചക്രം നല്‍കി ബഹുമാനിക്കാന്‍ തീരുമാനിച്ചതായി സൂചന. മൂവരും മുംബൈയില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഭീകരരെ തുരത്താന്‍ സൈന്യം നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ധീരതാ പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഒന്‍പത് പേരില്‍ ഇവരുടെ പേരുകളും ഉണ്ടെന്നാണ് സൂചന എങ്കിലും ഔദ്യോഗികമായി ഇത് റിപ്പബ്ലിക്ക് ദിനത്തില്‍ ആയിരിക്കും പ്രഖ്യാപിക്കുക.
മാലേഗാവ് സ്ഫോടന കേസില്‍ അറസ്റ്റില്‍ ആയ ഹിന്ദു സന്യാസിനി സാധ്വി പ്രഖ്യാ സിങ് ഠാക്കുര്‍, ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ക്ക് എതിരെ പ്രത്യേക കോടതി മുന്‍പാകെ മഹാരാഷ്ട്രാ പോലീസ് കുറ്റ പത്രം സമര്‍പ്പിക്കും. കേസില്‍ പ്രതികള്‍ ആയ പതിനൊന്ന് പേരുടേയും ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നടപടി. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ ആയിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. ഈ കേസ് ഇത്തരം ഒരു വഴിത്തിരിവില്‍ എത്തിക്കുന്നതില്‍ അദ്ദേഹം സ്തുത്യര്‍ഹം ആയ ഒരു പങ്ക് തന്നെ വഹിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വധിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി മുംബൈ ഭീകര ആക്രമണത്തെ ഉപയോഗിച്ചു എന്ന സംശയം പലരും പ്രകടിപ്പിച്ചത് ഏറെ വിവാദവും ആയിരുന്നു.
ഉത്തര്‍ പ്രദേശിലെ ചൊക്കട എന്ന ഗ്രാമത്തില്‍ തന്റെ എണ്ണ ചക്കില്‍ ജോലിക്ക് എത്തിയ പ്രായ പൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ മില്ലുടമയായ ഇക്രം എന്നയാള്‍ മറ്റ് രണ്ടു പേരും കൂടി ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെ ഇനിയും പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച പതിനാല് കാരിയായ മറ്റൊരു പെണ്‍കുട്ടി ബലാത്സംഗ ശ്രമത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ തന്നെ ചന്ദ്പുര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മൂമ്മക്ക് മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്തിരുന്നു. ദളിതര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ ഇവിടെ സാധാരണം ആണെന്ന് ഒരു ഗ്രാമവാസി മാധ്യമങ്ങളോട് പറഞ്ഞു.
























