ആര്‍. എസ്. എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങളില്‍ ചരിത്രം വളച്ചൊടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാന്‍ ആരോപിച്ചു. മാനവ വിഭവ ശേഷി മന്ത്രി അര്‍ജുന്‍ സിംഗിന് എഴുതിയ കത്തിലാണ് പസ്വാന്‍ ഈ ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പുറമെയുള്ള വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങള്‍ പരിശോധിക്കുവാനും അവക്ക് അംഗീകാരം നല്‍കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംവിധാനം ഏര്‍പ്പെടുത്തണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. യുടെ ഉപദേശം ആരാഞ്ഞിട്ടുണ്ട് എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഒരു ദേശീയ പാഠ പുസ്തക കൌണ്‍സില്‍ രൂപികരിക്കുവാനും സാധ്യത ഉണ്ട്. കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി 2005ല്‍ തന്നെ ഇത്തരം ഒരു കൌണ്‍സില്‍ രൂപീകരിക്കുന്നതിനായി സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതു വരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
കുട്ടികളില്‍ മറ്റ് മതങ്ങളോടും വിശ്വാസങ്ങളോടും കടുത്ത വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്ന വിഷം കുത്തി വെക്കുന്ന കേന്ദ്രങ്ങള്‍ ആയാണ് ഇത്തരം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പസ്വാന്‍ അവകാശപ്പെട്ടു.



സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു കപ്പല്‍ കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ യുദ്ധത്തിലൂടെ ഇന്ത്യ തകര്‍ത്ത നടപടിക്ക് ഐക്യ രാഷ്ട്ര സഭ ജെനറല്‍ സെക്രട്ടറി ബെന്‍ കി മൂണ്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. തങ്ങള്‍ സോമാലിയന്‍ സര്‍ക്കാരും, അന്താരാഷ്ട്ര നാവിക സംഘടനയും, നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഈ പ്രശ്നത്തിന് ഒരു അറുതി വരുത്താനുള്ള തീവ്ര ശ്രമത്തിലാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇതിന് ആവശ്യമാണ്. ഇന്ത്യന്‍ നാവിക സേനയുടെ പരിശ്രമങ്ങള്‍ മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാവും. കൂടുതല്‍ സൈന്യങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നത് ഈ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കുവാന്‍ സഹായിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രൂക്ഷമായ കടല്‍ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ നാവിക സേനയുടെ ഐ. എന്‍. എസ്. തബാര്‍ എന്ന യുദ്ധ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു മാതൃയാനം മുക്കി. കഴിഞ്ഞ ആഴ്ച്ച രണ്ട് ചരക്ക് കപ്പലുകള്‍ ഇന്ത്യന്‍ നാവിക സേന ഇതേ കടല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഒമാനിലെ സലാലയില്‍ നിന്ന് 285 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ വൈകീട്ടാണ് നാവിക സേനയുടെ കപ്പല്‍ കൊള്ളക്കാരുടെ കപ്പല്‍ കണ്ടെത്തിയത്. ഇന്ത്യന്‍ സേനയുടെ ഈ യുദ്ധ കപ്പല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടല്‍ കൊള്ളക്കാരുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് വിന്യസിച്ചിരിക്കുകയായിരുന്നു. കപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ. എന്‍. എസ്. തബാര്‍ കൊള്ളക്കാരുടെ കപ്പല്‍ പരിശോധിക്കുവാനായി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനു വഴങ്ങാതെ കൊള്ളക്കാര്‍ തിരിച്ച് ആക്രമിക്കുകയാണ് ഉണ്ടായത്. തോക്കുകളും ആയുധങ്ങളുമായി കടല്‍ കൊള്ളക്കാര്‍ കപ്പലിന്റെ ഡെക്കില്‍ റോന്ത് ചുറ്റുന്നത് കാണാമായിരുന്നുവത്രെ. തങ്ങളുടെ കപ്പലിനു നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ആക്രമണം ആരംഭിച്ചു. സേനയുടെ ആക്രമണത്തില്‍ കൊള്ളക്കരുടെ കപ്പലില്‍ സംഭരിച്ചു വെച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ക്ക് തീ പിടിക്കുകയും വന്‍ പൊട്ടിത്തെറിയോടെ കപ്പല്‍ കടലില്‍ മുങ്ങുകയും ഉണ്ടായി എന്ന് ഒരു നാവിക സേനാ വക്താവ് അറിയിച്ചു.
യു.എ.ഇ.യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു. ഡിസംബര്‍ 31 ആണ് അവസാന തിയതി. അതേ സമയം, രജിസ്റ്റര്‍ ചെയ്യാനുള്ള സ്ഥലത്തെല്ലാം വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഒരു ദിവസം മുഴുവന്‍ ക്യൂ നിന്നാലും ഫോം വാങ്ങാനാകുന്നില്ലെന്ന പരാതിയും വ്യാപകമാകുന്നു. മാത്രമല്ല, തിരക്ക് കാരണം ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷനും പ്രാവര്‍ത്തികമാകുന്നില്ല. പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് മണി വരെ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്. 2009ല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സ്വദേശികളും വിദേശീയരും അടക്കം എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. കൂടാതെ, സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭ്യമാകില്ല. 2010 വരെ പ്രവാസികള്‍ക്ക് പിഴയടക്കേണ്ടി വരില്ലെന്ന് അധികൃതര്‍ അറിയിച്ചു.
























