ബുധനാഴ്ച വിക്ഷേപിയ്ക്കുന്ന ചന്ദ്രയാന്‍-1 ചന്ദ്രനില്‍ ഇന്ത്യയുടെ പതാക സ്ഥാപിയ്ക്കും എന്ന് ബഹിരാകാശ ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തി. ഇതു വരെ ചന്ദ്രനില്‍ മൂന്ന് രാജ്യങ്ങളുടെ പതാകകള്‍ മാത്രമാണ് ഉള്ളത്. റഷ്യ, അമേരിക്ക, ജപ്പാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. നാലാമത്തെ രാജ്യമായി ഇനി ഇന്ത്യയും ചന്ദ്രനില്‍ തങ്ങളുടെ സാന്നിധ്യം അറിയിയ്ക്കും.
ഒരു പുതിയ പ്രദേശത്ത് പ്രവേശിയ്ക്കുമ്പോള്‍ തങ്ങളുടെ സാന്നിധ്യം സ്ഥാപിയ്ക്കാന്‍ കൊടി നാട്ടുക എന്ന സമ്പ്രദായത്തിന്റെ ചുവടു പിടിച്ചാണ് ഈ ആശയം നടപ്പിലാക്കുന്നത് എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മേധാവി ജി. മാധവന്‍ നായര്‍ അറിയിച്ചു.
അന്താരാഷ്ട്ര ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ ഇന്ന് ചന്ദ്രന്‍ ആഗോള സമൂഹത്തിന് പൊതുവായി അവകാശപ്പെട്ടതാണ്. ചന്ദ്ര പ്രതലത്തിന്മേല്‍ പ്രത്യേകിച്ച് ആര്‍ക്കും ഒന്നും അവകാശപ്പെടാന്‍ ആവില്ല. എന്നാല്‍ ഭാവിയില്‍ എന്തു സംഭവിക്കും എന്ന് പറയാനും കഴിയില്ല. ഏതായാലും ഈ ദൌത്യത്തിലൂടെ ചന്ദ്രനില്‍ ഇന്ത്യ തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുക തന്നെ ചെയ്യും.
ഇന്ത്യയുടെ കന്നി ചന്ദ്രോദ്യമത്തില്‍ മുന്‍ രാഷ്ട്രപതി ശ്രീ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച “മൂണ്‍ ഇമ്പാക്ടര്‍ പ്രോബ്” ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കും. ഇത് വഹിയ്ക്കുന്ന ഉപകരണങ്ങള്‍ ചന്ദ്രന്റെ പ്രതലത്തെ കുറിച്ച് പരീക്ഷണങ്ങള്‍ നടത്തുവാനും ചന്ദ്രന്റെ അടുത്ത് നിന്നുള്ള ചിത്രങ്ങള്‍ എടുക്കുവാനും ശാസ്ത്രജ്ഞരെ സഹായിയ്ക്കും.