മുംബൈ : എയര്‍ ഇന്ത്യയുടെ ഏറെ ആദായകരമായ റൂട്ടുകളിലെ ഫ്ലൈറ്റുകള്‍ റദ്ദ് ചെയ്ത് സ്വകാര്യ വിമാന കമ്പനികള്‍ക്ക് ഈ റൂട്ടില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ചെയ്ത് കൊടുക്കുന്ന ഏര്‍പ്പാട് വെളിച്ചത്തായി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഒരു റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യാ അധികൃതര്‍ സ്വകാര്യ വിമാന കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ അവസരം ഒരുക്കുന്ന വിവരം വെളിപ്പെട്ടത്. ഈ സര്‍വീസുകള്‍ റദ്ദാക്കിയ വിവരം തനിക്ക് ഇപ്പോഴാണ് ലഭിച്ചതെന്നും ഇത് താന്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കും എന്നും വ്യോമയാന മന്ത്രി വയലാര്‍ രവി അറിയിച്ചു.
കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ റദ്ദു ചെയ്ത ഫ്ലൈറ്റുകളുടെ പട്ടികയില്‍ മിക്കതും 85 മുതല്‍ 95 വരെ ശതമാനം ആളുകള്‍ ഉള്ളതായിരുന്നു. ഇതില്‍ നൂറു ശതമാനം നിറഞ്ഞ ഫ്ലൈറ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ ഫ്ലൈറ്റുകള്‍ റദ്ദ് ചെയ്തതിന്റെ അടുത്ത ദിവസം മുതല്‍ ഈ ഫ്ലൈറ്റുകള്‍ക്ക് പകരം അതെ സമയത്ത് സ്വകാര്യ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കുകയും ചെയ്തു.
എന്നാല്‍ വിമാനം റദ്ദ് ചെയ്തതിന് കാരണമായി എയര്‍ ഇന്ത്യ പറഞ്ഞത് മതിയായ എണ്ണം പൈലറ്റുമാര്‍ ഇല്ല എന്നതാണ്. ഈ വാദമാണ് കള്ളമാണ് എന്ന് ഇപ്പോള്‍ വിവരാവകാശ നിയമം പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ പൈലറ്റുമാര്‍ സ്വന്തമായുള്ള എയര്‍ ഇന്ത്യ തങ്ങളുടെ പൈലറ്റുമാരെ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത. കരാര്‍ പ്രകാരം ഒരു പൈലറ്റ് ഒരു മാസം 60 മണിക്കൂര്‍ വിമാനം പറപ്പിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ 2010 ലെ കണക്ക് പ്രകാരം മിക്ക പൈലറ്റുമാരും 49 മുതല്‍ 53 മണിക്കൂര്‍ മാത്രമേ ജോലി ചെയ്തിട്ടുള്ളൂ. ചിലരെങ്കിലും 58 മണിക്കൂര്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇതും കരാറില്‍ പറഞ്ഞതിനേക്കാള്‍ കുറവാണ്.
ഫ്ലൈറ്റുകള്‍ റദ്ദാക്കിയതാണ് പൈലറ്റുമാര്‍ക്ക് മതിയായ ജോലി ഇല്ലാത്തതിന്റെ കാരണം എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സ്വകാര്യ കമ്പനികളെ സഹായിക്കുന്ന രീതിയില്‍ ഫ്ലൈറ്റുകള്‍ റദ്ദ് ചെയ്യുന്നതിന് പുറകില്‍ ആരായാലും ശരി ഇവരെ തടയുകയും ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയെ നേര്‍ വഴിക്ക് കൊണ്ടു വരുവാനും വ്യോമയാന മന്ത്രി വയലാര്‍ രവിക്ക് കഴിയുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.