
ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബി.ജെ.പി. യുമായി ധാരണയിലെത്തി. ബി. ജെ. പി. ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവാറും എല്ലാം സമ്മതിച്ചു കൊണ്ടാണ് ആണവ ബാദ്ധ്യതാ ബില്‍ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി. ജെ. പി. യുടെ എതിര്‍പ്പ് ഇല്ലാതാകുന്നതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആണവ മേഖലയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കണം എന്നും അപകടത്തെ തുടര്‍ന്ന് ആണവ നിലയം നടത്തിപ്പുകാരുടെ മേല്‍ വരുന്ന സാമ്പത്തിക ബാദ്ധ്യത നിലവിലെ ബില്ലിലുള്ള 500 കോടിയില്‍ നിന്നും 1500 കോടി ആക്കണം എന്നുമുള്ള ബി.ജെ.പി. യുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന് മേലുള്ള ഈ ഭേദഗതികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാവും. ഇതിന്മേല്‍ കേന്ദ്ര മന്ത്രി സഭ തീരുമാനം എടുത്ത ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ബി.ജെ.പി. യുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ലിനെ ബി.ജെ.പി. അനുകൂലിക്കും എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു.
“ബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യസ്ഥമാണ്” എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.
ആണവ അപകടത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തിനായി പരാതി സമര്‍പ്പിക്കാനുള്ള കാലാവധി നിലവിലെ 10 വര്ഷം എന്നത് 20 വര്‍ഷമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയില്‍ ഉണ്ടാവും എന്ന് സൂചനയുണ്ട്.
ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെ ടുക്കുമ്പോഴാണ് ഇത്തരം വ്യവസ്ഥകളുടെ മൗഢ്യം ബോദ്ധ്യപ്പെടുക.
റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത് വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് മുകളില്‍ കൊടുത്തത്. ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).

രണ്ടു തലകളുമായി ജനിച്ച ഒരു കുഞ്ഞ്
അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.

അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രയോഗിച്ച ഡിപ്ലീറ്റഡ് യുറാനിയം ബുള്ളറ്റുകള്‍ മൂലം ഉണ്ടായ മലിനീകരണത്തിന്റെ ഇരയായ കുഞ്ഞ്
ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.
ഈ ബാദ്ധ്യതകള്‍ 1500 കോടി കൊണ്ടെങ്ങനെ തീര്‍ക്കും?



ന്യൂഡല്‍ഹി : ഇന്ത്യാ – യു. എസ്. ആണവ കരാറിലെ വിവാദ വ്യവസ്ഥ നടപ്പിലാക്കാനുള്ള സിവില്‍ ന്യുക്ലിയര്‍ ലയബിലിട്ടി ബില്‍ ലോക സഭയില്‍ അവതരിപ്പിക്കാതെ ഭരണ കക്ഷി നാടകീയമായി പിന്‍മാറി. തികച്ചും അമേരിക്കന്‍ വിധേയത്വം മുഴച്ചു നില്‍ക്കുന്ന ആണവ ബാധ്യതാ ബില്ലിനെ പ്രതിപക്ഷം യോജിച്ച് എതിര്‍ത്തിരുന്നു. ബില്ല് ലോക സഭയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയം കണ്ടെത്താനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്സിന്‍റെത് എന്ന് കരുതപ്പെടുന്നു.
ഹൈദരാബാദ് : അന്താരാഷ്‌ട്ര വൈമാനിക പ്രദര്‍ശനം നടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ നാവിക സേനയിലെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. വൈമാനികര്‍ക്ക് പുറമേ വേറെ ഒരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴോളം പേര്‍ക്ക് പരിക്കുമുണ്ട്. ബീഗംപെട്ട് വിമാനത്താവളത്തി നടുത്തുള്ള ഒരു മൂന്നു നില കെട്ടിടത്തിനു മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയ ഒരു വ്യോമ വ്യൂഹത്തിന്റെ ഭാഗമായി പറക്കുകയായിരുന്ന ഒരു വിമാനമാണ് തകര്‍ന്ന് വീണത്. തകര്‍ന്ന വിമാനത്തിന്റെ സഹ വൈമാനികനായ ലെഫ്ടനന്റ്റ് കമാണ്ടര്‍ രാഹുല്‍ നായര്‍ മലയാളിയാണ്. മുഖ്യ വൈമാനികനായ കമാണ്ടര്‍ എസ. കെ. മൌര്യയും കൊല്ലപ്പെട്ടു.
ശ്രീനഗര്‍ : പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഉള്ള സൈനിക ക്യാമ്പിനു മുകളിലേക്ക് കനത്ത ഹിമാപാതത്തെ തുടര്‍ന്ന് മഞ്ഞു മല ഇടിഞ്ഞു വീണു പതിനാറോളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ കര സേനയുടെ പരിശീലന ക്യാമ്പിലാണ് അത്യാഹിതം സംഭവിച്ചത്. പരിശീലനത്തിന്റെ ഭാഗമായി മുന്നൂറ്റി അന്‍പതോളം സൈനികര്‍ പതിനായിരം അടി മുകളിലുള്ള മഞ്ഞു മലയില്‍ എത്തിയതായിരുന്നു. അപ്പോഴാണ് മഞ്ഞു മല ഇടിഞ്ഞു സംഘത്തിന് മേലെ പതിച്ചത്. പതിനഞ്ചു സൈനികരുടെ മൃതദേഹങ്ങള്‍ മഞ്ഞിനടിയില്‍ പെട്ടിരിക്കുകയാണ്. പതിനേഴു പേരെ മഞ്ഞില്‍ നിന്നും പുറത്തെടുത്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരെ ഇനിയും കണ്ടു കിട്ടിയിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. ഇന്നലെ രാത്രിയോടെ ഇരുപത്തിയാറു പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി സൈന്യം അറിയിച്ചു.
























