ആണവ പരീക്ഷണം നടത്തുക എന്നത് ഇന്ത്യയുടെ അവകാശമാണ്. അത് തടുക്കാന്‍ ആര്‍ക്കും ആവില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്തുന്ന പക്ഷം മറ്റ് രാജ്യങ്ങള്‍ പ്രതികരിച്ചു എന്നു വരാം. അത് അവരുടെ അവകാശവുമാണ്. അതില്‍ നമുക്കും കൈ കടത്താന്‍ ആവില്ല. ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയ്ക്ക് ആണവ പരീക്ഷണവുമായി മുന്നോട്ട് പോകുവാന്‍ കഴിയുമോ എന്ന് ചോദ്യത്തിന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ശ്രീ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മറുപടി ആണ് ഇത്.
എന്നാല്‍ രാജസ്ഥാനിലെ പൊഖ്രാനില്‍ 1988ല്‍ നടത്തിയ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യ സ്വമേധയാ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ തീരുമാനം ഏതെങ്കിലും ഒരു കരാറിന്റെ ഭാഗമാക്കാന്‍ ഇന്ത്യ ഉദ്ദേശിയ്ക്കുന്നില്ല. ഈ തീരുമാനത്തില്‍ ഇപ്പോഴും ഇന്ത്യ ഉറച്ചു നില്‍ക്കുന്നു. അമെരിയ്ക്കയുമായി ഉള്ള ആണവ കരാര്‍ ഈ നിലപാടിന് ഒരു മാറ്റവും വരുത്തില്ല. ഇന്ത്യയുമായി ആണവ കച്ചവടം നടത്തുവാന്‍ ആഗ്രഹിയ്ക്കുന്ന രാജ്യങ്ങളുമായി ഇടപാട് നടത്തുവാന്‍ ഉള്ള ഒരു പുതിയ അവസരമാണ് ഈ കരാറിലൂടെ കൈവന്നിരിയ്ക്കുന്നത്. അതത് രാജ്യങ്ങളുമായി പ്രാബല്യത്തില്‍ ഉള്ള ഉഭയ കക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ ആയിരിയ്ക്കും ഈ ഇടപാടുകള്‍ എന്നും മന്ത്രി വ്യക്തമാക്കി.
വന്‍ ഭൂരിപക്ഷത്തില്‍ അമേരിയ്ക്കന്‍ സെനറ്റ് പാസ്സാക്കിയ കരാറില്‍ നാളെ കോണ്ടലീസ റൈസും മുഖര്‍ജിയും ഒപ്പു വെയ്ക്കും.