ദുബായ് : അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചത് ഏറ്റവും അനുചിതമായ ഒരു സമയത്താണ് എന്ന് അറബ് ജനത പരക്കെ കരുതുന്നു. ഇന്നലെ ഓസ്‌ലോയില്‍ വെച്ച് ഒബാമ നൊബേല്‍ പുരസ്കാരം ഏറ്റു വാങ്ങുന്നതിന് ഏതാനും ദിവസം മുന്‍പാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെ കൂടി അയക്കാനുള്ള തീരുമാനം എടുത്തത്. ഇത് ആഗോല തലത്തില്‍ മുസ്ലിം ലോകത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ അധീനതയിലുള്ള പലസ്തീന്റെ പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ ഇസ്രയേല്‍ കൂട്ടാക്കാത്ത നടപടിക്ക് അമേരിക്ക വഴങ്ങിയതും, അങ്ങനെ പലസ്തീന്‍ സമാധാന പ്രക്രിയ കഴിഞ്ഞ രണ്ടു മാസമായി മരവിച്ചതും ഇതിനു പുറമെയാണ്.
ഒബാമ പറയുന്നത് കൂട്ടാക്കാതെ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്ന ഇസ്രയേല്‍ തന്നെയാണ് ഒബാമയുടെ കഴിവു കേടിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം എന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ അധികാരമേറ്റ് ഒരു വര്‍ഷം പോലും തികയാത്ത ഒബാമയുടെ ഗള്‍ഫ് നയം ഇനിയും വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന ഒരു എതിര്‍ വാദവും ഉണ്ട്. സാമ്പത്തിക മാന്ദ്യം, ആരോഗ്യ പരിചരണം, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ വിഷയങ്ങളില്‍ മുഴുകിയ ഒബാമയ്ക്ക് അറബ് ഇസ്രയേല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ വേണ്ടത്ര സമയം ഇനിയും ലഭിച്ചിട്ടില്ല.
ഏതായാലും ഒരു നൊബേല്‍ പുരസ്കാരം വാങ്ങുവാന്‍ തക്കതായതൊന്നും ഒബാമ ഇനിയും ചെയ്തിട്ടില്ല എന്നു തന്നെയാണ് അറബ് ലോകത്തില്‍ നിന്നും പരക്കെയുള്ള പ്രതികരണം.



ഗ്ലോബല്‍ മലയാളി കൌണ്‍സിലിന്റെ മികച്ച പ്രവാസ എഴുത്തുകാരിക്കുള്ള ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ് 2009ന് കവയത്രിയും, കോളമിസ്റ്റും, മലയാള നാട് ദ്വൈ വാരികയുടെ എക്സിക്യൂട്ടിവ് എഡിറ്ററുമായ ഷീലാ പോള്‍ അര്‍ഹയായി. ഗ്ലോബല്‍ മലയാളി കൌണ്‍സിലിന്റെ പത്താം വാര്‍ഷികത്തോ ടനുബന്ധിച്ച് ഓസ്ട്രേലിയയില്‍ നടക്കുന്ന അഞ്ചാമത് ഗ്ലോബല്‍ മീറ്റില്‍ വെച്ചായിരിക്കും പുരസ്ക്കാര ദാനം നടക്കുക.
ന്യൂസീലാന്‍ഡിലെ വൈകാട്ടോ സര്‍വ്വകലാ ശാലയിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. പ്രിയാ കുര്യനും ഇവരുടെ ഭര്‍ത്താവ് ദെബാഷിഷ് മുന്‍ഷിക്കും റോയല്‍ സൊസൈറ്റി ഓഫ് ന്യൂസീലാന്‍ഡിന്റെ 5.6 ലക്ഷം ഡോളറിന്റെ മാര്‍സ്ഡെന്‍ ഗവേഷണ ഗ്രാന്റ് ലഭിച്ചു. പ്രിയ കുര്യന്‍ വൈകാട്ടോ സര്‍വ്വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറാണ്. ദെബാഷിഷ് ആകട്ടെ ഇതേ സര്‍വ്വകലാശാലയില്‍ മാനേജ്മെന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും. പുതിയ സാങ്കേതിക വിദ്യകളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ സമന്വയിപ്പിച്ച് ഒരു പൊതുവായ മൂല്യ വ്യവസ്ഥിതി രൂപപ്പെടുത്തുന്നത് സംബന്ധിച്ച ഇവരുടെ ഗവേഷണത്തിനാണ് ഈ ഗ്രാന്റ് ലഭിച്ചത്. വിദ്യാഭ്യാസവും ഗവേഷണവും ഏറെ പരിപോഷിപ്പിക്കുന്ന ഒരു രാജ്യമാണ് ന്യൂ സീലാന്‍ഡ് എന്നാണ് ഇവരുടെ അഭിപ്രായം.
താന്‍ ഇന്ത്യാക്കാരന്‍ ആയത് കേവലം ആകസ്മികമായ സംഭവമാണെന്നും, തനിക്ക് നൊബേല്‍ പുരസ്ക്കാരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാക്കാര്‍ക്ക് തന്നോട് പെട്ടെന്ന് ഉണ്ടായ താല്‍പര്യം വിചിത്രമായി കരുതുന്നു എന്നും നൊബേല്‍ പുരസ്ക്കാര ജേതാവായ ഇന്ത്യന്‍ വംശജന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്രയും നാള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവര്‍ വരെ തന്നോട് കാണിക്കുന്ന ഈ സ്നേഹം തനിക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല എന്ന് മാത്രമല്ല, അതൊരു ശല്യമായി തീരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. തനിക്കറിയാത്ത ആരൊക്കെയോ തനിക്ക് ആശംസകളും അനുമോദനവും മറ്റും അറിയിച്ച് ഈമെയിലുകള്‍ അയക്കുന്നു. ഈ ഈമെയില്‍ പ്രവാഹം മൂലം ആവശ്യമുള്ള ഈമെയിലുകള്‍ പോലും തനിക്ക് വായിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൂന്ന് വയസില്‍ ചിദംബരം വിട്ട താന്‍ ചിദംബരത്ത് സ്കൂളിലും മറ്റും പോയി എന്ന് റിപ്പോര്‍ട്ടുകള്‍ കെട്ടി ചമച്ചു. അണ്ണാമലൈ സര്‍വ്വകലാ ശാലയില്‍ തന്നെ പഠിപ്പിച്ചു എന്ന് പറഞ്ഞ് ചില അധ്യാപകരും രംഗത്ത് വന്നു. ഇത്തരം അനേകം കള്ളക്കഥകള്‍ വന്നതില്‍ തനിക്ക് ദുഃഖമുണ്ട് എന്നും അദ്ദേഹം പറയുന്നു.
നല്ലൊരു ഭാവിയുടെ പ്രതീക്ഷ നല്‍കിയതിന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബായയ്ക്ക് ഇത്തവണത്തെ സാമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ ആണവ ആയുധ ശേഖരം വെട്ടി കുറക്കാനും സമാധാന ശ്രമങ്ങള്‍ക്കുമുള്ള ഒബാമയുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തി വിവിധ രാജ്യങ്ങളും ജനതകളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ഒബാമ വഹിച്ച പങ്കിനെ നൊബേല്‍ കമ്മിറ്റി പ്രകീര്‍ത്തിച്ചു. അധികാരത്തില്‍ ഏറിയ അന്നു മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പോയിരുന്ന സമാധാന പ്രക്രിയ പുനരാരംഭിച്ചിരുന്നു. ഒബാമയെ പോലെ ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ലോക ജനതയ്ക്ക് ഒരു മെച്ചപ്പെട്ട ഭാവിയുടെ പ്രതീക്ഷ നല്‍കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. 
























