ന്യൂഡല്‍ഹി : പ്രവാസി ഇന്ത്യാക്കാര്‍ എങ്ങനെ വോട്ട് രേഖപ്പെടുത്തണം എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും വിദേശ കാര്യ വകുപ്പും തമ്മില്‍ കൂടിയാലോചിച്ച് ഒരു തീരുമാനത്തില്‍ എത്താന്‍ ശ്രമിച്ചു വരികയാണ് എന്ന് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംഭോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനോടകം രണ്ടു തവണ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണം എന്ന കാര്യത്തില്‍ ഇരു കൂട്ടരും യോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ നടപ്പിലാക്കണം എന്നതാണ് ഇപ്പോഴത്തെ വിഷയം.
താന്‍ നാളെ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയെ കണ്ടു ഈ കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട് എന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കി കൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കിയതാണ്. ഈ നിയമ പ്രകാരം മറ്റ് രാജ്യങ്ങളില്‍ പൌരത്വം നേടിയിട്ടില്ലാത്ത, തൊഴില്‍ തേടിയോ വിദ്യാഭാസ ആവശ്യത്തിനോ വിദേശത്ത് താമസിക്കുന്ന ഏതൊരു ഇന്ത്യന്‍ പൌരനും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ താമസ സ്ഥലം ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് ചേര്‍ക്കാവുന്നതാണ്.