ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഒരു വേള 500 പോയന്‍റ് വരെ ഇടിഞ്ഞു. സെന്‍സെക്സ് 4590 പോയന്റ് താഴ്‌ന്ന് 16289ലും, നിഫ്റ്റി 154 പോയന്റ് താഴ്‌ന്ന് 4853 ലും ക്ലോസ് ചെയ്തു.
ഏതാനും ദിവസങ്ങളായി തുടര്‍ന്നു വരുന്ന നേഗറ്റീവ് ട്രെന്റും, വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റഴിച്ചതും, പെട്ടെന്നുള്ള തകര്‍ച്ചക്ക് കാരണമായി. മെറ്റല്‍, റിയാലിറ്റി, ബാങ്കിംഗ് ഓഹരി കളിലാണ് വലിയ നഷ്ടം സംഭവിച്ചത്. ടാറ്റാ സ്റ്റീല്‍, മഹീന്ദ്രാ ആന്റ് മഹീന്ദ്ര, ഡി. എല്‍. എഫ്., ഐ. സി. ഐ. സി. ഐ. ബാങ്ക് തുടങ്ങി പ്രമുഖ ഓഹരികളുടെ വിലയില്‍ കാര്യമായ ഇടിവു സംഭവിച്ചു.
– എസ്. കുമാര്‍



ന്യൂ ഡല്‍ഹി : 1997 മുതല്‍ ഇന്ത്യയില്‍ രണ്ടു ലക്ഷത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത് എന്ന് ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോ വെളിപ്പെടുത്തി. 2008ല്‍ മാത്രം 16,196 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അഞ്ച് സംസ്ഥാന ങ്ങളിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണവ. രാജ്യത്തെ മൊത്താം കര്‍ഷക ആത്മഹത്യയുടെ മൂന്നില്‍ രണ്ടും ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നു. അതായത് പ്രതിവര്‍ഷം 10,797 ആത്മഹത്യകള്‍. 3802 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ആത്മഹത്യാ നിരക്കില്‍ ഒന്നാമത്. കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ് എന്ന് കാണാം. 2003 മുതല്‍ ഇത് ശരാശരി അര മണിക്കൂറില്‍ ഒരു ആത്മഹത്യ എന്ന ദുഖകരമായ വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
പാക് ചാര സംഘടനയായ ഐ. എസ്. ഐ. ഇന്ത്യന്‍ വ്യാജ നോട്ടുകള്‍ അച്ചടിച്ച് നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അയക്കുന്നതായി അതിര്‍ത്തിയില്‍ പിടിയിലായ പാക് പൌരന്മാര്‍ വെളിപ്പെടുത്തി. ഐ. എസ്. ഐ. യുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തന്നെ പ്രസ്സുകളിലാണ് ഈ വ്യാജ കറന്‍സി അച്ചടിക്കുന്നത് എന്നും ഇവര്‍ വെളിപ്പെടുത്തി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ പിടിയിലായ പാക്കിസ്ഥാനികളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടയില്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ കറന്‍സി മാത്രമല്ല, മറ്റു പല രാജ്യങ്ങളുടെയും കറന്‍സികള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുകയുണ്ടായി. വ്യാജ നോട്ടുകള്‍ വന്‍ തോതില്‍ ഇന്ത്യയിലേക്ക് കടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കം വെയ്ക്കുക എന്നതാണ് പാക്കിസ്ഥാന്‍ ചാര സംഘടനയുടെ ലക്ഷ്യം.
അബുദാബി സര്‍ക്കാര്‍ 10 ബില്യണ്‍ ഡോളര്‍ നല്‍കിയതോടെ ദുബായ് വേള്‍ഡ് പ്രതിസന്ധിക്ക് പരിഹാരമായി. നിക്ഷേപകര്‍ക്ക് ദുബായ് വേള്‍ഡ് നല്‍കുവാനുള്ള ബോണ്ട് തുക ഇതോടെ ലഭിക്കും എന്നുറപ്പായി. ഇന്നായിരുന്നു ബോണ്ട് തുക കൊടുക്കേണ്ട ദിവസം. ബോണ്ട് തുക തിരിച്ച് നല്‍കുവാന്‍ ആറു മാസത്തെ കാലാവധി നീട്ടി ചോദിച്ചത് അന്താരാഷ്ട്ര വിപണിയില്‍ ദുബായ് സമ്പദ് ഘടന തകര്‍ന്നു എന്ന ഭീതി പരത്തിയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ അടക്കം ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. 
























