ഷാര്‍ജയില്‍ നിന്നും ലഖ്നൌവിലേയ്ക്ക് പോയ എയര്‍ ഇന്ത്യാ വിമാനത്തില്‍ ആകാശത്തു വെച്ച് വിമാന ജീവനക്കാര്‍ തമ്മില്‍ അടി പിടി നടന്നു. വിമാനത്തിന്റെ പൈലറ്റും ഒരു കാബിന്‍ ജോലിക്കാരനും തമ്മിലാണ് പറക്കുന്നതിനിടയില്‍ രൂക്ഷമായ അടി നടന്നത്. അടിപിടിയെ തുടര്‍ന്ന് ഇരുവര്‍ക്കും പരിക്കുകള്‍ പറ്റി. ഷാര്‍ജയില്‍ നിന്നും രാത്രി 12:30യ്ക്ക് തിരിച്ച വിമാനം അതിരാവിലെ 04:30ന് പാക്കിസ്ഥാനു മുകളിലൂടെ പറക്കുമ്പോഴാണ് സംഭവം നടന്നത്. അന്വേഷണ വിധേയമായി അടി കൂടിയ രണ്ടു ജീവനക്കാരെയും താല്‍ക്കാലികമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.



104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
150 യാത്രക്കാരുമായി പറന്ന യെമന്‍ വിമാനം ഇന്ത്യാ മഹാ സമുദ്രത്തില്‍ തകര്‍ന്നു വീണു. മഡഗാസ്കറിനു വടക്ക് കിഴക്ക് കൊമൊറൊ ദ്വീപ് സമൂഹത്തിന് അടുത്ത് എവിടെയോ ഇന്ന് അതി രാവിലെ ആണ് വിമാനം തകര്‍ന്ന് വീണത്. യെമന്റെ ഔദ്യോഗിക വിമാന സര്‍വീസ് ആയ യെമനിയ എയറിന്റേതാണ് തകര്‍ന്ന വിമാനം എന്ന് യെമന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലം കൃത്യമായി ഇനിയും അറിവായിട്ടില്ല. വിമാനത്തില്‍ 150 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല.
സൌദി അറേബ്യയിലേക്ക് പറക്കാനിരുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കൊച്ചി വിമാന താവളത്തില്‍ ഏറെ സമയം പരിഭ്രാന്തി പടര്‍ത്തി. സൌദി എയര്‍ലൈന്‍സിന്റെ ജെദ്ദയിലെ ഓഫീസില്‍ നിന്നാണ് വ്യോമ ഗതാഗത ബ്യൂറോക്ക് ഈ അജ്ഞാത ബോംബ് ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനങ്ങളും വിമാന താവളവും വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഏതെങ്കിലും ഒരു പ്രത്യേക വിമാനത്തിനാണോ ഭീഷണി എന്ന കാര്യം വ്യക്തമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിമാന താവളങ്ങള്‍ക്ക് മുഴുവന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. 
























