
ന്യൂഡല്‍ഹി : വിമാന യാത്രാ നിരക്കുകളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം മിക്കവാറും എല്ലാ സ്വകാര്യ വിമാന കമ്പനികളും അംഗീകരിച്ചുവെങ്കിലും, യാത്രാ നിരക്കുകള്‍ ഇപ്പോഴും സര്‍ക്കാര്‍ ആവശ്യപ്പെട്ട നിരക്കുകളിലേക്ക് കുറയ്ക്കുവാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കകം നിരക്കുകള്‍ കുറച്ചില്ലെങ്കില്‍ ഔദ്യോഗിക നടപടികള്‍ നേരിടേണ്ടി വരുമെന്ന് വ്യോമ ഗതാഗത മന്ത്രി പ്രഫുല്‍ പട്ടേല്‍ മുന്നറിയിപ്പ് നല്‍കി.
കമ്പനികളുടെ നിരക്കുകള്‍ നിശ്ചയിക്കുക എന്നത് സര്‍ക്കാരിന്റെ നയമാല്ലെങ്കിലും ഇത്തരത്തില്‍ ജനം ചൂഷണത്തിന് ഇരയാവുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കില്ല എന്നും അദ്ദേഹം അറിയിച്ചു.




മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാന താവളത്തിലെ റണ്‍വേയില്‍ രണ്ടു വിമാനങ്ങള്‍ മുഖത്തോട് മുഖം വന്നുവെങ്കിലും ഭാഗ്യവശാല്‍ ഒരു വന്‍ അപകടം ഒഴിവായി. വ്യാഴാഴ്‌ച്ച രാത്രിയാണ് സംഭവം നടന്നത്. 117 യാത്രക്കാരുമായി കിംഗ്ഫിഷര്‍ വിമാനം പറന്നുയരാനായി റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് 127 യാത്രക്കാരുമായി നാഗ്പുര്‍ – മുംബൈ എയര്‍ ഇന്‍ഡ്യ വിമാനം അതേ റണ്‍വേയില്‍ വന്നിറങ്ങിയത്. എന്നാല്‍ ഇരു വിമാനങ്ങളും തമ്മില്‍ ആവശ്യത്തിന് ദൂരം ഉണ്ടായിരുന്നതിനാല്‍ ഒരു വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന അതേ റണ്‍വേയില്‍ മറ്റൊരു വിമാനത്തിനു ലാന്‍ഡ് ചെയ്യാനുള്ള അനുമതി എങ്ങനെ ലഭിച്ചു എന്നത് ഇനിയും അറിവായിട്ടില്ല.
























