സമൂഹ വിവാഹത്തിന് വന്ന യുവതികളെ നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്ക് വിധേയമാക്കിയ മധ്യ പ്രദേശ് സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വയമേവ കേസ് ഏറ്റെറ്റുത്ത കമ്മീഷന്‍ നാലാഴ്ച്ചക്കകം വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹ വിവാഹത്തിന് വന്ന 151 പെണ്‍കുട്ടികളെ കന്യകാത്വ പരിശോധനക്ക് നിര്‍ബന്ധ പൂര്‍വ്വം വിധേയരാക്കി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മധ്യ പ്രദേശ് മുഖ്യ മന്ത്രി ശിവ രാജ് സിങ് ചൌഹാന്റെ പ്രത്യേക താല്പര്യ പ്രകാരം ‘മുഖ്യമന്ത്രി കന്യാദാന്‍ യോജന’ എന്ന പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹത്തിലാണ് സംഭവം നടന്നത്. ജൂണ്‍ 30നായിരുന്നു സംഭവം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സാമ്പത്തികമായി സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ സമൂഹ വിവാഹത്തിലൂടെ വിവാഹിതരാവാന്‍ എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിവാഹം നടക്കുന്നതിന് തൊട്ട് മുന്‍പ് വിവാഹിതയാവാന്‍ എത്തിയ ഒരു സ്ത്രീക്ക് പ്രസവ വേദന വന്നതാണ് സംഭവത്തിന്റെ തുടക്കം. പ്രസവ വേദന പുറത്തറിഞ്ഞതോടെ വേദിയില്‍ ബഹളമായി. പ്രശ്നത്തില്‍ ഇടപെട്ട അധികാരികള്‍ എല്ലാ സ്ത്രീകളേയും നിര്‍ബന്ധ പൂര്‍വ്വം കന്യകാത്വ പരിശോധനക്കും ഗര്‍ഭ പരിശോധനക്കും വിധേയരാക്കുകയും ചെയ്തു എന്നാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത.