കീഴടങ്ങാന്‍ വന്ന തമിഴ് പുലികളെ ശ്രീലങ്കന്‍ സൈന്യം നിഷ്കരുണം വെടി വച്ച് കൊല്ലുകയും പരിക്കേറ്റ സാധാരണ ജനത്തെ വരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിമാടത്തിലേയ്ക്ക് തള്ളി ഇട്ടു കുഴിച്ചു മൂടി എന്നും ഉള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ജാഫ്നയിലെ സര്‍വകലാശാലാ അധ്യാപകരുടെ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. പോരാട്ടത്തിന്റെ അവസാന നാളുകളില്‍ ആണ് ഈ കൊടും പാതകങ്ങള്‍ നടന്നത്.
പോരാട്ടത്തിന്റെ ആദ്യ നാളുകളില്‍ സൈന്യം വളരെ അച്ചടക്കത്തോടെ ആണ് പ്രവര്‍ത്തിച്ചിരുന്നത്. സാധാരണക്കാരെ സംരക്ഷിക്കാനും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാടത്തം കാട്ടാനുള്ള നിര്‍ദ്ദേശം വന്നതിനു ശേഷം ആകാം ഇത്തരത്തിലുള്ള ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താന്‍ സേന മുതിര്‍ന്നത് എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ശാരീരിക പീഡനങ്ങള്‍, കൊലപാതകങ്ങള്‍, നിര്‍ബന്ധിത സൈനിക സൈനിക സേവനം തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എല്‍. ടി. ടി. ഇ. യും ഉത്തരവാദി ആണ്. അവസാന പോരാട്ടത്തിന് ഇടയില്‍ സാധാരണക്കാരുടെ മരണ സംഖ്യ ഇത്രയും ഉയരാന്‍ കാരണം പുലികളുടെ സമീപനം ആണ്. 21 വര്‍ഷങ്ങള്‍ ആയി നടന്ന് വരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇരു വശങ്ങളും നടത്തിയ പാതകങ്ങള്‍ ആണ് ഈ റിപ്പോര്ട്ടുകള്‍ പുറത്തു വന്നത്.

രക്ഷപ്പെടാന്‍ ശ്രമിച്ച സാധാരണക്കാരെ പുലികള്‍ വെടി വച്ച് കൊന്നു എന്നും അതേ സമയം ശ്രീലങ്കന്‍ സൈന്യം സാധാരണക്കാര്‍ അഭയം പ്രാപിച്ചിരുന്ന ബങ്കറുകളില്‍ വരെ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്തി എന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.