സ്ത്രീകളുടെ അവകാശ ലംഘനമായി കണ്ട് ബുര്‍ഖ ഫ്രാന്‍സില്‍ നിരോധിക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി ഒരുങ്ങുന്നു. ഇതിലേക്കുള്ള ആദ്യ പടിയായി ബുര്‍ഖയുടെ ഉപയോഗം സ്ത്രീകളുടെ അവകാശ ലംഘനമാണ് എന്ന് അംഗീകരിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാന്‍ സര്‍ക്കോസി ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയം മുസ്ലിം ജനതയെ അലോസര പ്പെടുത്താതെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുര്‍ഖ ഫ്രാന്‍സില്‍ സ്വാഗതാര്‍ഹമല്ല എന്ന തന്റെ നേരത്തേയുള്ള നിലപാടി ആവര്‍ത്തിച്ച സര്‍ക്കോസി, പുതിയ നിയമ നിര്‍മ്മാണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ആവാത്ത വിധം കുറ്റമറ്റതാവണം എന്നും അഭിപ്രായപ്പെട്ടു. ലിംഗ സമത്വവും, അന്തസ്സും, ജനാധിപത്യവും എതിര്‍ക്കുന്ന ശക്തികള്‍ക്ക് ഇതിനെ ചോദ്യം ചെയ്യാനും എതിര്‍ത്ത് തോല്‍പ്പിക്കാനും കഴിയാത്ത വിധം സമ്പൂര്‍ണ്ണമായിരിക്കണം ഈ ബില്‍. അതോടൊപ്പം തന്നെ മുസ്ലിം ജനതയുടെ വികാരങ്ങള്‍ കണക്കിലെടുക്കുകയും വേണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



കൊളംബൊ : തമിഴ് പുലികള്‍ക്കെതിരെ നടത്തിയ യുദ്ധത്തിന്റെ അവസാന പാദത്തില്‍ നടന്നുവെന്ന് ആരോപിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ശ്രീലങ്ക തയ്യാറായി. ഇതിനായി ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സെ ഒരു ഉന്നത തല “സ്വതന്ത്ര കമ്മിറ്റി” രൂപികരിക്കും എന്ന് ശ്രീലങ്കയിലെ മനുഷ്യാവകാശ വകുപ്പ് മന്ത്രി മഹിന്ദ സമര സിങ്കെ അറിയിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പര്‍ട്ട്മെന്റ് പുറപ്പെടുവിച്ച ഒരു റിപ്പോര്‍ട്ടില്‍ ശ്രീലങ്കയിലെ സൈനിക നടപടിക്കിടയില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി ആരോപിച്ചിരുന്നു. ഇത് യുദ്ധ കുറ്റകൃത്യമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിച്ചിരുന്നു. ആദ്യം ഈ റിപ്പോര്‍ട്ട് ശ്രീലങ്ക തള്ളി കളഞ്ഞിരുന്നു എങ്കിലും ഇപ്പോള്‍ ഈ ആരോപണങ്ങള്‍ പരിശോധിക്കുവാനാണ് ഈ പുതിയ കമ്മിറ്റിയെ നിയോഗിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. കമ്മിറ്റിയുടെ അന്വേഷണത്തിനു ശേഷം തങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും എന്നും മന്ത്രി പറഞ്ഞു.
ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്ത് തമിഴ് നാട്ടിലെ വ്യത്യസ്ത അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന തമിഴ് വംശജര്‍ക്ക് ഇന്ത്യയില്‍ റെസിഡന്റ് പദവി നല്‍കി അവര്‍ക്ക് നിയമ സാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് തമിഴ് നാട് മുഖ്യ മന്ത്രി എം. കരുണാനിധി പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയ എഴുത്തിനു മേലെയാണ് കേന്ദ്രം ഇത്തരം ഒരു നടപടിക്ക് മുതിരുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ശനിയാഴ്‌ച്ച അറിയിച്ചു. തമിഴ് നാട്ടില്‍ ഭരണത്തില്‍ ഇരിക്കുന്ന ദ്രാവിട മുന്നേറ്റ കഴകം കഴിഞ്ഞ ആഴ്‌ച്ച കാഞ്ചീപുരത്ത് യോഗം കൂടി ഒരു ലക്ഷത്തോളം വരുന്ന തമിഴ് അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ പദവി നല്‍കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ച് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയുമായി കൂടിയാലോചിച്ച ശേഷം പ്രധാന മന്ത്രി ഈ കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് സൂചന.
തമിഴ് പുലികളില്‍ നിന്നും പണം സ്വീകരിച്ച കുറ്റത്തിനാണ് മാധ്യമ പ്രവര്‍ത്തകന്‍ ജെ. എസ്. തിസ്സനായഗത്തെ തടവില്‍ ആക്കിയത് എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജ പക്സ ഐക്യ രാഷ്ട സഭ അണ്ടര്‍ സെക്രട്ടറി ബി. ലിന്നിനെ അറിയിച്ചു. എല്‍.ടി.ടി.ഇ. യില്‍ നിന്നും പണം സ്വീകരിക്കുകയും എല്‍.ടി.ടി.ഇ. യുടെ ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാണ് തിസ്സനായഗത്തിന് കൊളംബോ ഹൈക്കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇയാളുടെ എഴുത്തിന്റെ പേരിലാണ് ഇയാളെ ശിക്ഷിച്ചത് എന്ന വാര്‍ത്ത തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. 
























