ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഇറാന്‍ തങ്ങളുടെ എണ്ണപ്പാട വികസനത്തിനായി ചൈനയെ കൂട്ട് പിടിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇതേ വരെ ഇറാന്‍ നടത്തിയിട്ടില്ലെങ്കിലും കാര്യങ്ങളുടെ ഗതി ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതിദിനം 2.6 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ദക്ഷിണ അസാദേഗാന്‍ എണ്ണപ്പാടം ചൈനയ്ക്ക് നല്‍കാന്‍ കഴിഞ്ഞയാഴ്‌ച്ച ഇറാന്‍ ധാരണയിലെത്തി. ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന ദക്ഷിണ പാര്‍സ്-12 എന്ന എണ്ണപ്പാടത്തിലെ 60 ശതമാനത്തോളം അംഗോളയ്ക്കും നല്‍കിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായിരിക്കുകയാണ്. പെട്രോളിയം വകുപ്പിന് ഇനി എന്തെങ്കിലും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുമെന്നാണ് സൂചന.
ഒക്ടോബര്‍ 13ന് ബെയ്ജിംഗില്‍ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ താന്‍ ഈ കാര്യം ചര്‍ച്ച ചെയ്യും എന്ന് പെട്രോളിയം മന്ത്രി പറയുന്നുണ്ടെങ്കിലും മന്ത്രാലയത്തിന്റെ ഇത്രയും നാളത്തെ അനാസ്ഥയാണ് ഇന്ത്യക്ക് ഈ നഷ്ടം വരുത്തി വെച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഇന്ത്യാ – പാക് – ഇറാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ കാണിക്കുന്ന താല്‍പ്പര്യമില്ലായ്മ ഇറാനെ ചൊടിപ്പിച്ചതാണ് ഇപ്പോഴത്തെ ഇറാന്‍ – ചൈനീസ് കൂട്ടു കെട്ടിന് കാരണമായത്. ഇറാനും പാക്കിസ്ഥാനും ഈ പദ്ധതിയുമായി ഏറെ മുന്നോട്ട് പോയി എങ്കിലും യു.പി.എ. സര്‍ക്കാര്‍ ഈ കാര്യത്തില്‍ വലിയ താല്പര്യം കാണിച്ചിട്ടില്ല. ഇന്ത്യ ഇനിയും തങ്ങളുടെ തീരുമാനം വൈകിച്ചാല്‍ ഈ പദ്ധതിക്ക് ചൈനയെ കൂട്ട് പിടിക്കും എന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.



ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി. കേന്ദ്ര വിദേശ കാര്യ മന്ത്രി ശശി തരൂരിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തിലാണ് ഈ സുപ്രധാന നയതന്ത്ര നീക്കം നടന്നത്. യു.എ.ഇ. യുമായി കൂടുതല്‍ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ച മന്ത്രി ഐക്യ രാഷ്ട്ര സഭാ സുരക്ഷാ സമിതിയിലേയ്ക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് യു.എ.ഇ.യുടെ പിന്തുണ ആവശ്യപ്പെട്ടു. ജി-20 ലേക്കുള്ള പ്രവേശനത്തോടെ ഇന്ത്യ ലോക സമ്പദ് ഘടനയില്‍ സുപ്രധാന സ്വാധീനം ചെലുത്താന്‍ പ്രാപ്തമായി എന്ന് പറഞ്ഞു. ഇതോടൊപ്പം രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന സുരക്ഷാ കൌണ്‍സിലിലും ഇന്ത്യക്ക് പ്രവേശനം അനുവദിക്കണം. സുരക്ഷാ കൌണ്‍സില്‍ വിപുലീകരിക്കുമ്പോള്‍ അത് ഇന്ത്യക്കു പുറമെ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ കൂടെ ഉള്‍പ്പെടുത്തി കൊണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കയില്‍ നിന്നും പലായനം ചെയ്ത് തമിഴ് നാട്ടിലെ വ്യത്യസ്ത അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന തമിഴ് വംശജര്‍ക്ക് ഇന്ത്യയില്‍ റെസിഡന്റ് പദവി നല്‍കി അവര്‍ക്ക് നിയമ സാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് തമിഴ് നാട് മുഖ്യ മന്ത്രി എം. കരുണാനിധി പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയ എഴുത്തിനു മേലെയാണ് കേന്ദ്രം ഇത്തരം ഒരു നടപടിക്ക് മുതിരുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ശനിയാഴ്‌ച്ച അറിയിച്ചു. തമിഴ് നാട്ടില്‍ ഭരണത്തില്‍ ഇരിക്കുന്ന ദ്രാവിട മുന്നേറ്റ കഴകം കഴിഞ്ഞ ആഴ്‌ച്ച കാഞ്ചീപുരത്ത് യോഗം കൂടി ഒരു ലക്ഷത്തോളം വരുന്ന തമിഴ് അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ പദവി നല്‍കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ച് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയുമായി കൂടിയാലോചിച്ച ശേഷം പ്രധാന മന്ത്രി ഈ കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് സൂചന.
അന്താരാഷ്ട്ര അഹിംസാ ദിന ആചരണത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ 140ാം ജന്മ ദിനത്തില്‍ ഐക്യ രാഷ്ട്ര സഭ ഗാന്ധിജിയുടെ ചിത്രത്തോട് കൂടിയ സ്റ്റാമ്പ് പുറത്തിറക്കി. മിയാമിയിലെ പ്രശസ്ത ചിത്രകാരന്‍ ഫെര്‍ഡി പചീക്കൊ വരച്ച ഗാന്ധിജിയുടെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്ളത്. ഒരു ഡോളറാണ് സ്റ്റാമ്പിന്റെ വില. മഹാത്മാ ഗാന്ധിയുടെ ജന്മ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായി അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഹിംസാ ദിനാചരണം സംഘടിപ്പിയ്ക്കുകയുണ്ടായി.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തിന് രാഷ്ട്രം ഗാന്ധി സ്മരണ പുതുക്കുമ്പോള്‍ ലോകം ഇന്ന് മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്. ഗാന്ധിജിയുടെ ആദര്‍ശങ്ങളും സന്ദേശങ്ങളും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന് പകര്‍ന്നു ലഭിച്ചത് അമേരിക്കന്‍ ജനകീയ മുന്നേറ്റത്തെ ഏറെ സ്വാധീനിച്ചു എന്ന് ഗാന്ധി ജയന്തി ദിനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ ഓര്‍മ്മിച്ചു. ഇതിന് അമേരിക്കന്‍ ജനത ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നു. ഗാന്ധി നയിച്ച അഹിംസയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യ സമരത്തില്‍ ഇന്നത്തെ അമേരിക്ക തങ്ങളുടെ വേരുകള്‍ കണ്ടെത്തുന്നു. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തോടും സന്ദേശത്തോടുമുള്ള അമേരിക്കന്‍ ജനതയ്ക്കുള്ള മതിപ്പ് പ്രകടിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും ഒബാമ അറിയിച്ചു. കഴിഞ്ഞ ദിവസം വെര്‍ജീനിയയിഒലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ, ജീവിച്ചിരി ക്കുന്നതോ മരിച്ചതോ ആയ ഒരു വ്യക്തിയുമായി വിരുന്നില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചാല്‍ താങ്കള്‍ ആരെ ആയിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഗാന്ധി എന്ന് ഒബാമ മറുപടി പറഞ്ഞത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ യഥാര്‍ത്ഥ ആരാധ്യ പുരുഷന്‍ ഗാന്ധിയാണെന്ന് ഒബാമ അന്ന് വ്യക്തമാക്കി. ഗാന്ധിയുമായി ആഹാരം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഒബാമ പക്ഷെ ഗാന്ധി മിതമായി മാത്രം ആഹാരം കഴിക്കുന്ന ആളായിരു ന്നതിനാല്‍ തങ്ങളുടെ വിരുന്ന് പെട്ടെന്ന് അവസാനിക്കും എന്ന് തമാശയായി പറഞ്ഞു.
























