ആഗോള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ പങ്കാളിയാക്കാതെ വിജയിക്കും എന്ന് കരുതാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ പ്രസ്താവിച്ചു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ വന്‍ ശക്തികളെ കൂടെ കൂട്ടാതെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നത് അബദ്ധമാകും. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ന്റെ ഈ മാസം അവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായുള്ള ഒബാമയുടെ ഈ പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് നയതന്ത്ര വൃത്തങ്ങള്‍ കരുതുന്നു.



രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ലോകത്തില്‍ നില നിന്നിരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ രൂപം കൊണ്ട പല അന്താരാഷ്ട്ര സംഘടനകളുടേയും പ്രവര്‍ത്തന രീതികളും സംഘടനാ സംവിധാനങ്ങളും ഇന്നത്തെ മാറിയ ആഗോള സാഹചര്യങ്ങളില്‍ അപ്രസക്തമാണെന്നും അതിനാല്‍ ഈ സംഘടനകളെ ഉടച്ചു വാര്‍ക്കുന്നതിനുള്ള സമയം ആയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി മന്മോഹന് സിംഗ് ആഹ്വാനം ചെയ്തു. ജി-8 സമ്മേളന വേളയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ ഇന്നത്തെ ഘടന അതിന്റെ വിശ്വാസ്യതക്ക് വെല്ലുവിളിയാണ്. രണ്ട് തട്ടുകളിലായുള്ള അംഗത്വവും, അഞ്ച് സ്ഥിരം അംഗങ്ങള്‍ക്ക് വീറ്റോ അധികാരങ്ങള്‍ ഉള്ളതും മറ്റും ഈ സ്ഥാപനത്തെ മാറിയ ലോക സാഹചര്യങ്ങളില്‍ പഴഞ്ചനാക്കി മാറ്റിയിരിക്കുന്നു എന്നും ഇന്ത്യന്‍ പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി.
ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മയും അനിയന്ത്രിതമായ വിഭവ ദുരുപയോഗമാണ് എന്ന് പ്രധാന മന്ത്രി മന്മോഹന് സിംഗ് പ്രസ്താവിച്ചു. ജി8-ജി5 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് തിരിക്കവെയാണ് പ്രധാന മന്ത്രി ഈ പരാമര്‍ശം നടത്തിയത്. ഇന്ന് വൈകീട്ട് മന്മോഹന് സിംഗ് ഉച്ചകോടി നടക്കുന്ന ലാഖിലായില്‍ എത്തും. രണ്ട് നൂറ്റാണ്ടിലേറെ കാലം തങ്ങളുടെ വ്യാവസായിക ആവശ്യങ്ങള്‍ക്കും സമ്പന്ന ഉപഭോഗ ജീവിത രീതി നില നിര്‍ത്തുന്നതിനും വേണ്ടി സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ നടത്തിയ വിഭവ ചൂഷണത്തിന്റെ തിക്ത ഫലങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്. ഈ ചരിത്രപരമായ ഉത്തരവാദിത്വത്തില്‍ നിന്നും വികസിത രാഷ്ട്രങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ല. ഐക്യ രാഷ്ട്ര സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സജീവമായി തന്നെ പങ്കെടുക്കും എന്നും മന്മോഹന് സിംഗ് അറിയിച്ചു.

ലണ്ടനിലെ ലോക പ്രശസ്തമായ മെഴുക് മ്യൂസിയത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചെറിയ മെഴുക് മ്യൂസിയം ഇന്ത്യയിലുമുണ്ട്. അധികം പ്രശസ്തി ഇല്ലാത്ത മഹാരാഷ്ട്രയിലുള്ള കോലാപൂരിലെ സിദ്ധഗിരി മ്യുസിയം ആണിത്. ബെല്ഗാമിലേയ്ക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 



























