ഇറാന്‍ – ഇന്ത്യാ – പാക്കിസ്ഥാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ ചേര്‍ന്നില്ലെങ്കിലും പദ്ധതിയുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോകും എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറിയിച്ചു. തന്റെ ഇറാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇറാന്റെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് സര്‍ദാരി പാക്കിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയത്. മൂന്നാമത്തെ കക്ഷി പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കിലും പദ്ധതി തുടരണം എന്നാണ് തങ്ങളുടെ പക്ഷം. ഇത് തങ്ങള്‍ ഇറാനെ അറിയിച്ചിട്ടുമുണ്ട്. ഇറാന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ താന്‍ ഇത് ചര്‍ച്ച ചെയ്യും. ഇറാനിലേക്കുള്ള സര്‍ദാരിയുടെ ആദ്യ സന്ദര്‍ശനം ആണിത്. ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദുമായി സര്‍ദാരി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് മാര്‍ച്ച് 11ന് നടക്കുന്ന സാമ്പത്തിക സഹകരണ സംഘടനയുടെ ഉച്ചകോടിയിലും പങ്കെടുക്കും.
തര്‍ക്ക വിഷയങ്ങളില്‍ പരിഹാരമാവുന്ന പക്ഷം ഇന്ത്യക്ക് പിന്നീട് പദ്ധതിയില്‍ ചേരാം എന്നായിരുന്നു നേരത്തെ പാക്കിസ്ഥാന്റെ നിലപാട്. കഴിഞ്ഞ ഒക്ടോബറില്‍ തന്റെ ചൈനാ സന്ദര്‍ശന വേളയില്‍ ഈ പദ്ധതിയിലേക്ക് ചൈനയെ സര്‍ദാരി ക്ഷണിച്ചു എന്നും സൂചനയുണ്ട്.



ലോക് സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന് തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ചു ഘട്ടങ്ങള്‍ ആയിട്ടാവും തെരഞ്ഞെടുപ്പ് നടത്തുക. കേരളത്തില്‍ ഏപ്രില്‍ 16നു തന്നെയാവും പോളിങ്. വോട്ടെണ്ണുന്നത് മെയ് 16നും. ജൂണ്‍ 2 ആവുമ്പോഴേക്കും 15ാമത് ലോക് സഭ നിലവില്‍ വരും. ജമ്മു കാശ്മീരിലും ഉത്തര്‍ പ്രദേശിലും അഞ്ചു ഘട്ടങ്ങളിലായി പോളിങ് നടക്കും. ബീഹാറില്‍ നാലു ഘട്ടങ്ങളും മഹാരാഷ്ട്രയിലും ബംഗാളിലും മൂന്ന് ഘട്ടങ്ങളും ആന്ധ്ര, ആസ്സാം, മണിപ്പൂര്‍, ജാര്‍ഖണ്ട്, കര്‍ണ്ണാടക, മധ്യ പ്രദേശ്, ഒറീസ്സ, പഞ്ചാബ് എന്നിവിടങ്ങളില്‍ രണ്ടു ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. കേരളമടക്കം മറ്റ് 15 സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും ഒറ്റ ദിവസമാവും തെരഞ്ഞെടുപ്പ് നടക്കുക.
സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സിനിമയിലും ടെലിവിഷനിലും പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കുന്നത് ഈ സാമൂഹിക ദൂഷ്യത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സഹായകരം ആവും എന്ന് അഭിപ്രയപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതി ഇതിന് എതിരെ ഉത്തരവിട്ടിരുന്നത്. പുകവലി നിരോധനം കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രമദോസിന്റെ ശ്രമത്തെ തുടര്‍ന്ന് 2006ല്‍ ആയിരുന്നു നിലവില്‍ വന്നത്. ജനം വെള്ളിത്തിരയിലെ തങ്ങളുടെ ആരാധ്യ പുരുഷന്മാരെ അനുകരിച്ച് ആരോഗ്യത്തിന് ഹാനികരം ആയ പുകവലി സ്വീകരിക്കാന്‍ പ്രേരിതമാവും എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. പരസ്യ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന പുകവലി ഉല്പന്നങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ ആവില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ നിയമം സിഗരറ്റും മറ്റ് പുകവലി ഉല്പന്നങ്ങളുടേയും പരസ്യത്തിന് നിയമ സാധുത നല്‍കുന്നുണ്ട്. അപ്പോള്‍ പിന്നെ ഇത് സിനിമയില്‍ കാണിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹരജിയില്‍ ചോദിക്കുന്നു. ഭരണഘടന അനുവദിക്കുന്ന മൌലിക അവകാശം ആയ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഈ നിരോധനം വിരുദ്ധമാണ് എന്നും സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നു.
ലാലു പ്രസാദ് ഇന്ന് ലോക സഭയില്‍ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ടു ശതമാനം ഇളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷ കാലത്തെ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ച ബജറ്റ് അവതരണത്തില്‍ ഈ കാലയളവില്‍ 90000 കോടി രൂപയാണ് അധിക വരുമാനം റെയില്‍വേ ഉണ്ടാക്കിയത് എന്ന് സഭയെ അറിയിച്ചു. ബജറ്റില്‍ യാത്രാ നിരക്കുകളില്‍ രണ്ട് ശതമാനം ഇളവുകള്‍ ആണ് ഉള്ളത്. ഏ. സി., മെയില്‍, എക്സ്പ്രസ് വണ്ടികളിലാണ് നിരക്ക് ഇളവുകള്‍ ബാധകം ആവുക. ചരക്ക് കൂലിയില്‍ മാറ്റമില്ല. പതിനാറ് വണ്ടികളില്‍ കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. റയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും. 2010 ല്‍ 43 പുതിയ വണ്ടികള്‍ ആരംഭിക്കും. ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടു വരുന്നതിനെ സംബന്ധിച്ച സാധ്യതാ പഠനങ്ങള്‍ നടത്തും. പൊതു ജനത്തിനു മേല്‍ അധിക ഭാരം വരുത്താതെ തന്നെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം എന്നും ലാലു പ്രസ്താവിച്ചു.
























