ലോകത്തിലെ ഏറ്റവും വലിയ യുറാനിയം നിക്ഷേപത്താല്‍ സമ്പന്നമായ ഖസാക്കിസ്ഥാന്‍ ഇന്ത്യക്ക് യുറാനിയം നല്‍കാന്‍ സന്നദ്ധമാണ് എന്ന് അറിയിച്ചു. ഇതിനായി ഒരു സമഗ്രമായ ആണവ കരാര്‍ ഉണ്ടാക്കുവാനും ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു എന്ന് ഖസാക്കിസ്ഥാന്‍ പ്രതിനിധിയും പണ്ഡിതനുമായ മരാത്ത് ഷെയിഖുദ്ധിനോവ് അറിയിച്ചതാണ് ഇത്. ഡല്‍ഹയില്‍ ഇന്ത്യാ – ഖസാക്കിസ്ഥാന്‍ സഹകരണത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എണ്ണവും പ്രകൃതി വാതകവും നല്‍കുന്നത് സംബന്ധിച്ചും ഇത്തരം കരാറുകള്‍ ഇന്ത്യയുമായി ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. ഖസാക്കിസ്ഥാന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ഈ ചര്‍ച്ച സംഘടിപ്പിച്ചത്. ഇന്ത്യയുമായി തീവ്രവാദ വിരുദ്ധ സഹകരണവും ശക്തമാക്കാന്‍ ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു. 2002ല്‍ തന്നെ ഇത്തരം ഒരു ഭീകര വിരുദ്ധ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരുന്നു എങ്കിലും ഈ രംഗത്ത് ഏറെയൊന്നും മുന്നോട്ട് പോവാന്‍ ആയില്ല. ചില പ്രതിനിധി ചര്‍ച്ചകള്‍ മാത്രം നടന്നു. പ്രായോഗികമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. വിദഗ്ദ്ധരുമായി ഉള്ള ചര്‍ച്ചകളും നടന്നില്ല എന്നും അദ്ദേഹം പരിതപിച്ചു.