സുഡാന്റെ പുരോഗതിയും വളര്‍ച്ചയും തടയാന്‍ തങ്ങളുടെ രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് ആവില്ല എന്ന് സുഡാന്‍ പ്രസിഡണ്ട് ഒമര്‍ ഹസ്സന്‍ അല്‍ ബാഷിര്‍ പ്രസ്താവിച്ചു. സുഡാന്‍ സ്വന്തമായി വികസിപ്പിച്ച വിമാനം പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ അന്താരാഷ്ട്ര കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്നു മുതല്‍ വാറണ്ടിനെ വെല്ലു വിളിച്ച് ബഷീര്‍ ഒട്ടനേകം റാലികളില്‍ പങ്കെടുത്ത് സംസാരിച്ചു വരുന്നു. ഈ റാലികളില്‍ ഒക്കെ തന്നെ സുഡാന്റെ വളര്‍ച്ചയെ എടുത്ത് കാണിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭത്തില്‍ ഒരു പുതിയ ജല വൈദ്യുത പദ്ധതി സുഡാന്‍ ആരംഭിച്ചു. ഖാര്‍ത്തൂമില്‍ നിര്‍മ്മിച്ച പാലം, സുഡാനിലെ ആദ്യത്തെ എത്തനോള്‍ ഫാക്ടറി എന്നിവയും ഈ വര്‍ഷം ബഷീര്‍ അഭിമാനപൂര്‍വ്വം ആരംഭിച്ച പദ്ധതികളില്‍ ചിലതാണ്.
സുഡാന്‍ നിര്‍മ്മിച്ച സഫാത്-01 എന്ന വിമാനം
ഇന്നലെ പുറത്തിറക്കിയ സഫാത്-01 എന്ന വിമാനം ചൈനയുടേയും റഷ്യയുടേയും സഹായത്തോടെ ഏതാണ്ട് 80 ശതമാനവും സുഡാനില്‍ തന്നെ നിര്‍മ്മിച്ചതാണ്. രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതും പ്രൊപ്പല്ലര്‍ കൊണ്ട് പറക്കുന്നതുമായ ഈ വിമാനത്തിന്റെ ചിലവ് 15000 ഡോളര്‍ വരും. പത്ത് വിമാനങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് പദ്ധതി.
തങ്ങള്‍ക്ക് സ്വന്തമായി ആയുധങ്ങളും ടാങ്കുകളും മിസ്സൈലുകളും തോക്കുകളും മറ്റും നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്ന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ നൂറ് കണക്കിന് അനുയായികളോട് പ്രഖ്യാപിച്ച ബാഷിര്‍ ഈ വിമാനത്തിന്റെ നിര്‍മ്മാണത്തോടെ സുഡാന്‍ ഒരു പുതിയ മേഖല കൂടി കീഴടക്കിയിരിക്കുന്നു എന്നറിയിച്ചു. ഉപരോധങ്ങള്‍ നമ്മുടെ പുരോഗതിയെ തടയില്ല. നമ്മള്‍ ഈ ചെയ്യുന്നത് നമ്മുടെ ശത്രുക്കളെ അരിശം കൊള്ളിക്കും. നമ്മളെ തകര്‍ക്കാന്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു, ഗൂഢാലോചന നടത്തി, കലാപകാരികളെ അഴിച്ചു വിട്ടു, കലാപങ്ങള്‍ സൃഷ്ടിച്ചു, അയല്‍ രാജ്യങ്ങളെ നമുക്ക് എതിരാക്കി, നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും ദൈവത്തിന്റെ ശക്തി സുഡാനെ മുന്നോട്ട് തന്നെ നയിക്കുന്നു എന്നും ബാഷിര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി ഐക്യ രാഷ്ട്ര സഭ കണക്കാക്കുന്ന സുഡാന്റെ ഡര്‍ഫറില്‍ 2003ല്‍ തുടങ്ങിയ കലാപങ്ങളിലും തുടര്‍ന്നു നടന്നു വരുന്ന സംഘര്‍ഷങ്ങളിലുമായി 300000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഐക്യ രാഷ്ട്ര സഭയുടെ നിഗമനം. 27 ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അനുമാനിക്കപ്പെടുന്നു.



ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വ്യാജ മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിച്ചു. തരം താണ ബാറ്ററികളും മറ്റും ഉപയോഗിക്കുന്ന ഇവ ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ ഇടയുള്ള ടൈം ബോംബുകളാണ് എന്ന സുരക്ഷാ കാരണമാണ് ഈ ഫോണുകള്‍ക്കെതിരെ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് എങ്കിലും വന്‍കിട മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ഉള്‍പ്പടെയുള്ള കമ്പനികള്‍ അംഗമായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്ന് കരുതപ്പെടുന്നു.
കൊച്ചിയിലെ ഫാക്ടിന്റെ ഭൂമിയില്‍ കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ കേന്ദ്ര കൃഷി, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതു വിതരണ സഹ മന്ത്രി കെ. വി. തോമസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ഇതിന്റെ ആദ്യ നടപടിയായി മന്ത്രി സെന്‍ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പറേയ്ഷന്‍, ഫാക്ട് എന്നിവയുടെ ഒരു സംയുക്ത യോഗം വിളിച്ചു കൂട്ടി.
ചരിത്രം സൃഷ്ടിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഇന്ത്യ പുറത്തിറക്കി. ഇന്ത്യന്‍ വ്യാവസായിക ചരിത്രത്തിലെ അതികായനായ ടാറ്റ പുറത്തിറക്കുന്ന നാനോ എന്ന ഈ കാര്‍ 1.2 ലക്ഷം രൂപക്ക് സ്വന്തമാക്കാന്‍ ആവും. ഏപ്രില്‍ രണ്ടാം വാരത്തോടെ മാത്രമേ കാറിന്റെ ബുക്കിങ് ആരംഭിക്കൂ.

























