വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്.
ഒബാമയുടെ അഭ്യര്‍ത്ഥന മാനിച്ച ട്വിറ്റര്‍ അറ്റകുറ്റ പണികള്‍ രാത്രിയിലേക്ക് മാറ്റി വെച്ചു. അനേകായിരം അമേരിക്കക്കാര്‍ക്ക് ട്വിറ്റര്‍ സേവനത്തില്‍ തടസ്സം നേരിട്ടുവെങ്കിലും ഈ സമയ മാറ്റം മൂലം ഇറാനില്‍ പകല്‍ സമയത്ത് ട്വിറ്റര്‍ ലഭ്യമാവുകയും ചെയ്തു. അറ്റകുറ്റ പണികള്‍ക്ക് ശേഷം കൂടുതല്‍ ശക്തമായ സര്‍വറുകളുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനമാണ് ട്വിറ്റര്‍ ഇപ്പോള്‍ നല്‍കുന്നത് എന്ന് ട്വിറ്റര്‍ കമ്പനി അറിയിച്ചു.

വെറും രണ്ടു വര്‍ഷം പ്രായമായ തങ്ങള്‍ക്ക് ഈ രീതിയില്‍ ആഗോള തല ആശയ വിനിമയ രംഗത്ത് അര്‍ത്ഥ പൂര്‍ണ്ണമായ ഒരു പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ബിസ് സ്റ്റോണ്‍ പറഞ്ഞു.
ആന്‍ഡ്രൂ സള്ളിവാന്റെ ഇറാന്‍ ട്വീറ്റുകള്‍ (ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിന് ട്വീറ്റിങ് എന്നാണ് പറയുന്നത്, സന്ദേശങ്ങളെ ട്വീറ്റുകള്‍ എന്നും) ഇവിടെ വായിക്കാം.



കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം കമ്പ്യൂട്ടറുകളെ ആക്രമിച്ച വയറസ് ആയ കോണ്‍ഫിക്കര്‍ ഏപ്രില്‍ ഒന്നിന് വന്‍ നാശം വിതക്കും എന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏപ്രില്‍ ഒന്നിന് പ്രത്യേകിച്ച് ഒന്നും പ്രകടമാകില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കമ്പ്യൂട്ടറുകളില്‍ കയറി പറ്റിയതോടെയാണ് അടുത്ത ദിവസങ്ങളില്‍ ഈ വൈറസ് ഇത്രയേറെ പ്രശസ്തമായത്. ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ നിലവിലുള്ള ഈ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പോലും കയറി പറ്റാന്‍ കഴിഞ്ഞത് ഇതിന്റെ നിര്‍മ്മാതാക്കളുടെ വിജയവുമായി. ഒപ്പം സുരക്ഷാ സംവിധാനങ്ങളെ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കേണ്ടതിന്റെ ആവശ്യം എല്ലാവര്‍ക്കും ബോധ്യപ്പെടാന്‍ ഒരു അവസരവും.
103 രാജ്യങ്ങളിലെ തന്ത്ര പ്രധാന കമ്പ്യൂട്ടറുകളെ ആക്രമിച്ചു കീഴടക്കിയ ഒരു വമ്പന്‍ ചൈനീസ് സൈബര്‍ ചാര ശൃംഖല കണ്ടെത്തി. കാനഡയിലെ ടൊറോണ്ടോയിലെ മങ്ക് അന്താരാഷ്ട്ര പഠന കേന്ദ്രം പത്ത് മാസത്തോളം നടത്തിയ അന്വേഷണങ്ങളുടെ ഫലമായാണ് ചൈനയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഗോസ്റ്റ്നെറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചാര ശൃംഖല കണ്ടെത്തിയത്. ആഴ്ച തോറും ഒരു ഡസന്‍ പുതിയ കമ്പ്യൂട്ടറുകള്‍ എങ്കിലും ഈ ആക്രമണത്തില്‍ കീഴടങ്ങുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി. ഇങ്ങനെ കീഴടക്കിയ കമ്പ്യൂട്ടറുകള്‍ മിക്കവയും സര്‍ക്കാരുകളുടേയും മന്ത്രാലയങ്ങളുടേയും എംബസ്സികളുടേയും മറ്റും ആണ് എന്നത് പ്രശ്നത്തെ അതീവ ഗുരുതരമാക്കുന്നു.
വിദേശത്തെ ഇന്ത്യന്‍ എംബസ്സികളിലും കോണ്‍സുലേറ്റുകളിലും ഉള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയിലെ വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഇനി ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് വിലക്ക്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ഇബിബൊ എന്നിങ്ങനെ ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും, സംഗീതം, വീഡിയോ, ഫോട്ടോ എന്നിവ പങ്കു വെക്കുന്ന കാസാ, ഫ്ലിക്കര്‍, പിക്കാസ എന്നിങ്ങനെ ഉള്ള സൈറ്റുകളും ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ വിലക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജീമെയില്‍ പോലുള്ള വെബ് മെയിലുകള്‍ ഇനി സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നിന്നും ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശം ഉണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ആണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഈമെയില്‍ വിലാസങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. യാഹൂ, ഗൂഗിള്‍, ഹോട്ട്മെയില്‍ എന്നീ വെബ് ഈമെയില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്നും ഉത്തരവില്‍ പറയുന്നു.
























