കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്തര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിന് വേണ്ടി സൈബര്‍ സ്കൂള്‍ തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു. സി-ഡിറ്റും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടിയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ഹൈ ടെക് സെല്ലില്‍ ഓരോ വര്ഷം കഴിയും തോറും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടി വരുകയാണ്. ഈ വര്ഷം ഇത് വരെ 1030 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങള്‍ ആണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഉള്ള നിരവധി കേസുകള്‍ വിജയകരമായി തെളിയിക്കാന്‍ കേരള പോലീസിന് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.



കൊച്ചിയിലെ ഫാക്ടിന്റെ ഭൂമിയില്‍ കണ്ടെയ്‌നര്‍ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ കേന്ദ്ര കൃഷി, ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതു വിതരണ സഹ മന്ത്രി കെ. വി. തോമസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നു. ഇതിന്റെ ആദ്യ നടപടിയായി മന്ത്രി സെന്‍ട്രല്‍ വെയര്‍ ഹൌസിങ് കോര്‍പ്പറേയ്ഷന്‍, ഫാക്ട് എന്നിവയുടെ ഒരു സംയുക്ത യോഗം വിളിച്ചു കൂട്ടി.


കോഴിക്കോട് : അറുപത്തി നാല് കാരിയായ ഒരു ജര്‍മന്‍ ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് കോഴിക്കോട്ട് പതിനെട്ട് വയസുള്ള യുവാവ് അറസ്റ്റിലായി. ലോക പ്രശസ്തമായ കാപ്പാട് കടപ്പുറത്ത് വെച്ചാണ് സംഭവം. ആക്രമണത്തിന് ഇരയായ സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ടൂറിസ്റ്റ് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു ജര്‍മന്‍ സ്വദേശി കൂടി സാക്ഷിയാണ്. അറസ്റ്റിലായ യുവാവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.
























