ന്യൂഡല്‍ഹി: രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ കടലില്‍ വെടിവച്ചുകൊന്ന കേസില്‍ ഇറ്റലിയില്‍നിന്നു സമ്മര്‍ദമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും ഇറ്റാലിയന്‍ നാവികരുടെ വിചാരണയില്‍ കേന്ദ്രസര്‍ക്കാര് ഇടപെടില്ലെന്നും വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റലിക്കാരായ രണ്ട് നാവികരുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഇന്ത്യ സ്വീകരിച്ച നിലപാടില്‍ ഇറ്റലിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറ്റലിയുടെ പ്രധാനമന്ത്രി മറിയാ മോണ്ടി ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമായി സംസാരിച്ചിരുന്നു. ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിരുന്നു ഇതെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ പ്രക്രിയയില്‍ ഇടപെടാറില്ല എന്ന് എസ്. എം. കൃഷ്ണ പറഞ്ഞു.