
- ന്യൂസ് ഡെസ്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളില്‍ ഇംഗ്ലീഷ് പത്രങ്ങളും മറ്റു ഭാഷാ പത്രങ്ങളും സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു.
മമത നിര്‍ദേശിച്ചിരിക്കുന്ന എട്ട് പത്രങ്ങള്‍ മാത്രമേ ഇനി ലൈബ്രറികളില്‍ പാടുള്ളൂ. ഇവ ബംഗാളി, ഹിന്ദി, ഉര്‍ദു എന്നീ ഭാഷകളില്‍ ഉള്ളവയാണ്. ഗ്രാമീണ ജനങ്ങളില്‍ ബംഗാളി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് എന്നാണു സര്‍ക്കുലറില്‍ പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാറിന്റെ ഫണ്ട് ഉപയോഗിക്കരുതെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശമുണ്ട്. സി.പി.എമ്മിന്റെ മുഖപത്രമായ ‘ഗണശക്തി’ മാത്രമാണ് ഈ ഉത്തരവുപ്രകാരം നിരോധിക്കപ്പെട്ട ഏക പാര്‍ട്ടി പത്രം.
മമതയുടെ ഈ നടപടി സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും ബുദ്ധിജീവികളുടെയും വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമാണെന്നും പിന്‍വലിക്കണം എന്നും കൊണ്ഗ്രെസ്സ് അംഗം അസിക് മിത്ര നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഉത്തരവ് ഫാസിസമാണെന്നും സെന്‍സര്‍ഷിപ്പിനേക്കാള്‍ ഭീകരമാണെന്നും സി.പി.എം. നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ മുറിപ്പെടുത്താന്‍ മാത്രമേ ഈ നടപടി ഉതകൂ എന്ന് കോണ്‍ഗ്രസ് എം.എല്‍.എ. അസിത് മിത്ര പറഞ്ഞു. സര്‍ക്കാറിന്റെ നിയന്ത്രണമില്ലാതെ വായനക്കാര്‍ക്കാവശ്യമായ പത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ലൈബ്രറികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ ആവശ്യപ്പെട്ടു.
- ലിജി അരുണ്‍
വായിക്കുക: നിയമം, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം
ബാംഗ്ലൂര്‍: കര്‍ണ്ണാടക വഖഫ് ബോര്‍ഡിന്റെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നതായി റിപ്പോര്‍ട്ട്. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മണിപ്പാടിയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൌഡക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ മുന്‍ കേന്ദ്രമന്ത്രിമാരടക്കം രാഷ്ടീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍,വഖഫ് ബോര്‍ഡിലെ അംഗങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്ക് എതിരെ പരാമര്‍ശങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. ഇതില്‍ സി. എ. ഇബ്രാഹിം, എന്‍. എ ഹാരിസ് എന്നീ മലയാളികളും ഉള്‍പ്പെട്ടതായി കരുതുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട വഖഫ് ഭൂമി മറിച്ചു വിറ്റ് കോടികള്‍ കൊള്ളയടിച്ച സംഭവം 2ജി സ്പെക്ട്രം പോലെ രാജ്യം കണ്ട വന്‍ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരാതികളുടേയും മാധ്യമ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ 2011 നവമ്പറിലാണ് സര്‍ക്കാര്‍ അന്‍വര്‍ മണിപ്പാടിയുടെ നേതൃത്വത്തിലുള്ള സമിതിയെ അന്വേഷണം ഏല്പിച്ചത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, കുറ്റകൃത്യം, നിയമം, വിവാദം
ന്യൂഡെല്‍ഹി: 2002-ലെ ഗുജറാത്ത കലാപക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന നാനാവതി കമ്മീഷനു മുമ്പാകെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിളിച്ചു വരുത്തുവാന്‍ കമ്മീഷനു നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിക്കുവാനാകില്ലെന്ന സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ജനസംഘര്‍ഷ മഞ്ച് എന്ന എന്‍. ജി.ഒ തങ്ങളുടെ ഹര്‍ജി പിന്‍വലിച്ചു. നാനവതി കമ്മീഷനു മുമ്പില്‍ നരേന്ദ്ര മോഡിയെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് നേരത്തെ ഗുജറാത്ത് ഹൈക്കോടതിയും വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് ജനസംഘര്‍ഷ് മഞ്ച് സുപ്രീം കോടതിയെ സമീപിച്ചത്. നാനാവതി കമ്മീഷന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ആകില്ലെന്നും സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കോടതി, നിയമം
കൂടംകുളം: ആണവ വൈദ്യുതി നിലയത്തിനെതിരെ സമരമുഖത്ത് ഉള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി തുടരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം പുനരാരംഭിച്ചതിനു പിന്നാലെ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുകയാണ്, റഷ്യന്‍ സാങ്കേതിക സഹായത്തോടെ നിര്‍മ്മിക്കുന്ന കൂടംകുളം ആണവ വൈദ്യുത നിലയത്തിനെതിരെ റോഡുകള്‍ അടച്ചും, കുടിവെള്ള വിതരണം നിര്‍ത്തി കൊണ്ടും കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കൂടംകുളത്ത് സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാനുള്ള സ്ഥിതിയാണ് ഇപ്പോഴുള്ളത്. പ്രക്ഷോഭം നടത്തുന്നവര്‍ക്കുള്ള കുടിവെള്ളം നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുന്ദക്കരയിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തലാക്കിയ അധികൃതര്‍, എല്ലാ സര്‍ക്കാര്‍-പ്രൈവറ്റ് ഗതാഗത സര്‍വ്വീസുകളും നിര്‍ത്തലാക്കി ഇങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് ഇരുപതിനായിരത്തിലധികം പേര്‍ ഇപ്പോള്‍ സമരസ്ഥലത്ത് ഒത്തുകൂടിയിട്ടുണ്ട്. ബോട്ടിലാണ് സമരക്കാര്‍ പന്തലിലേക്കെത്തുന്നത്. നൂറുകണക്കിന് പേര്‍ വഴിയില്‍ തടയപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ആണവ നിലയത്തെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത ഏതാനും ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് പ്രക്ഷോഭകരുടെ പക്കല്‍ ഇപ്പോള്‍ ശേഷിക്കുന്നത്. ഇരുന്ദക്കരയിലെ സമരപ്പന്തല്‍ പോലീസ് വളഞ്ഞിരിക്കുകയാണ്. ഉദയകുമാര്‍ അടക്കമുള്ള കൂടംകുളം സമര നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് സൂചന. സമരം ചെയ്യാനുള്ള ജനങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് നടക്കുന്ന വികസന അടിച്ചേല്‍പ്പിക്കലുകള്‍ക്കെതിരെ പോരാട്ടം ശക്തമാകുമെന്ന് സമരസമിതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി. ഒരു യുദ്ധമുഖം തന്നെയാണ് നിരായുധരായ ഗ്രാമീണര്‍ക്കു നേരെ കേന്ദ്ര സര്‍ക്കാറും തമിഴ്‌നാട് സര്‍ക്കാറും കൂടംകുളത്ത് സൃഷ്ടിച്ചിരിക്കുന്നത്
- ലിജി അരുണ്‍
വായിക്കുക: നിയമം, പരിസ്ഥിതി, പ്രതിഷേധം, മനുഷ്യാവകാശം