മുംബൈ : വിഖ്യാത ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗ് (70) അന്തരിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെ മുബൈയിലെ ലീലാവതി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹിന്ദി, ഉറുദു, നേപ്പാളി, പഞ്ചാബി, ബംഗാളി, സിന്ധി തുടങ്ങി നിരവധി ഭാഷകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും പിന്നണി പാടിയിട്ടുള്ള ജഗ്ജിത് സിംഗിന്റെ എണ്‍പതിലധികം ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2003-ല്‍ സംഗീത രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ജഗജിത് സിംഗിന്റെ ഗസല്‍
രാജസ്ഥാനിലെ ശ്രീഗംഗ നഗറില്‍ 1941 ഫെബ്രുവരി 8 നാണ് ജഗ്ജിത് സിംഗ് ജനിച്ചത്. പണ്ഡിറ്റ് ഛഗ്‌ന്‍ലാല്‍ ശര്‍മ, ഉസ്താദ് ജമാലാല്‍ ഖാന്‍, പ്രൊഫസര്‍ സൂരജ് ഭാന്‍ തുടങ്ങിയ പ്രശസ്തരായ ഗുരുക്കളുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 1970 കളില്‍ ഗസല്‍ ഗായകന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായി. തന്റെ ആലാപന ശൈലിയിലൂടെ ഗസലിന്റെ മാസ്മര ലോകത്തേക്ക് ആസ്വാകരെ കൂട്ടിക്കൊണ്ടു പോകുവാന്‍ അനിതര സാധാരണമായ കഴിവാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പേര്‍ഷ്യന്‍, ഉറുദു ഭാഷകളിലെ കഠിനമായ സാഹിത്യാംശം നിറഞ്ഞ വാക്കുകളില്‍ നിന്നും വ്യത്യസ്ഥമായി ലളിതമായ പദങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഗസലിനെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ ശ്രദ്ധേയമാണ്.
1981ല്‍ പുറത്തിറങ്ങിയ പ്രേംഗീത്, 1982ല്‍ ഇറങ്ങിയ അര്ഥ്, സാഥ് സാഥ് എന്നീ സിനിമകളിലെ ഗാനങ്ങളാണ് അദ്ദേഹത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ചത്. പ്രേംഗീത് എന്ന സിനിമയിലെ മേരാ ഗീത് അമര്‍ കര്‍ ദോ എന്ന ഗാനം ഒരു കാലഘട്ടത്തില്‍ ക്യാമ്പസുകളില്‍ തത്തിക്കളിച്ചിരുന്നു.
ഭാര്യ ചിത്ര സിംഗും അറിയപ്പെടുന്ന ഗായികയാണ്. ഇരുവരും ചേര്‍ന്ന് നിരവധി ഗസലുകളും ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.