വിശാഖപട്ടണം: സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. യച്ചൂരിയുടെ പേരിനൊപ്പം എസ്.രാമചന്ദ്രന്‍ പിള്ളയുടേയും പേരു ഉയര്‍ന്നു വന്നതോടെയാണ് പാര്‍ട്ടി സെക്രട്ടറി ആരാകണം എന്നത് സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നത്. രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്ക് ഒടുവില്‍ ഉചിതമായ തീരുമാനത്തിലേക്ക് സി.പി.എം നേതൃത്വം എത്തിയത്. കേരള ഘടകം എസ്.രാമചന്ദ്രന്‍ പിള്ളയെ പ്രകാശ് കാരാട്ടും കേരളഘടകവും പിന്തുണച്ചുവെങ്കിലും കേന്ദ്രകമ്മറ്റിയോഗത്തില്‍ ഭൂരിപക്ഷം പേരും യച്ചൂരിയെ ആണ് അനുകൂലിച്ചത്. വി.എസ്.അച്ച്യുതാനന്ദന്‍ നേരത്തെ തന്നെ പരസ്യമായി യച്ചൂരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ രാത്രി നടന്ന നിര്‍ണ്ണായകമായ പി.ബിയോഗത്തില്‍ പ്രകാശ് കാരാട്ട് എസ്.ആര്‍.പിയുടെ പേരു നിര്‍ദ്ദേശിച്ചുവെങ്കിലും അംഗങ്ങള്‍ക്കിടയില്‍ നിന്നും യച്ചൂരിക്ക് അനുകൂലമായ വാദം ഉയര്‍ന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ രാമചന്ദ്രന്‍ പിള്ള പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയും എന്ന് പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റിട്ടയര്‍മെന്റിനു മുമ്പായി പാര്‍ട്ടി സെക്രട്ടറിയാകുവാന്‍ അവസരം ലഭിക്കട്ടെ എന്ന നിലപാട് ഉയര്‍ന്നു. എന്നാല്‍ ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന നേതാവായ യച്ചൂരി രാമചന്ദ്രന്‍ പിള്ളയേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്നത് അദ്ദേഹത്തിനു ഗുണകരമായി.
യച്ചൂരിയും രാമചന്ദ്രന്‍ പിള്ളയും പിന്മാറാതെ വന്നതോടെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കല്‍ മത്സരത്തിലേക്ക് നീങ്ങും എന്ന ഘട്ടം വന്നു. രാവിലത്തെ കേന്ദ്രകമ്മറ്റിയോഗത്തില്‍ തനിക്ക് പിന്തുണ കുറവാണെന്നും യച്ചൂരിക്ക് അനുകൂലമാണ് കാര്യങ്ങള്‍ എന്നും മനസ്സിലാക്കിയ എസ്.ആര്‍.പി പിന്മാറുകയായിരുന്നു. അതോടെ യച്ചൂരിയെ പുതിയ ജനറല്‍ സെക്രട്ടറിയായി ഏകകണ്ഠേന തിരഞ്ഞെടുത്തു.