അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം ഉറപ്പാക്കി. 182 സീറ്റില്‍ 116 സീറ്റില്‍ ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ്സ് 60 സീറ്റിലും വിജയിച്ചു. 2007-ലെ തിരഞ്ഞെടുപ്പില്‍ 117 സീറ്റാണ് ബി.ജെ.പി നേടിയിരുന്നത്.2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മരണത്തിന്റെ ദൂതനെന്നും വ്യാപാരിയെന്നും വെറുക്കപ്പെട്ടവന്‍ എന്നുമെല്ലാം മോഡിയെ എതിര്‍ക്കുന്നവര്‍ വിശേഷിപ്പിക്കുമ്പോള്‍ ഗുജറാത്ത് ജനത മോഡിക്ക് ശക്തമായ പിന്തുണ നല്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മണിനഗര്‍ മണ്ഡലത്തില്‍ നിന്നും 85,480 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് മോഡി വിജയിച്ചത്. മത്സരിച്ചത് മോഡിക്കെതിരെ നിലപാടുടുത്ത മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് ആയിരുന്നു മോഡിക്കെതിരെ മത്സരിച്ചത്. കോണ്‍ഗ്രസ്സിന്റെ ടിക്കറ്റിലാണ് ശ്വേത മത്സരിച്ചത്. ഗുജറാത്ത് കലാപമായിരുന്നു ഇവരുടെ മുഖ്യ തിരെഞ്ഞെടുപ്പ് പ്രചരണായുധം. എന്നാല്‍ ഗുജറാത്തില്‍ തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന വികസനത്തെ ഉയര്‍ത്തിക്കാട്ടിയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായ 71.32% ആണ് ഇത്തവണത്തേത്. 182 സീറ്റുകളിലെ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണ് നടന്നത്.
വിജയിച്ച പ്രമുഖരില്‍ മുന്‍ ബി.ജെ.പി നേതാക്കളായ കേശുഭായ് പട്ടേലും, ശങ്കര്‍ സിങ്ങ് വഗേലയുമുണ്ട്. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അര്ജ്ജുന് മോദ്വാഡിയയയും പ്രതിപക്ഷ നേതാവ് ശക്തിസിങ് ഗോഹിലും പരാജയപ്പെട്ടു. പതിനേഴായിരത്തില്‍ പരം വോട്ടിനാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്. വ്യാജ ഏറ്റുമുട്ടല്‍ കേസുമായ് ബന്ധപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന ബി.ജെ.പിയിലെ മുന്‍ മന്ത്രി അമിത് ഷയ്ക്ക് നരന് പുര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചു. മോഡിയുടെ മന്ത്രിസഭയില്‍ നിന്നു മത്സരിച്ച എല്ലാ അംഗങ്ങളും വിജയിച്ചു. 1,038,870 വോട്ട് ലഭിച്ച ആരോഗ്യ വകുപ്പ് മന്ത്രി ആനന്ദി ബെന്‍ പട്ടേലിനാണ് റിക്കോര്‍ഡ് ഭൂരിപക്ഷം.
ഹിമാചലില്‍ ഭരണ നഷ്ടം ഉണ്ടയത് ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിനു ക്ഷീണമായി. അതേ സമയം ഗുജറാത്തിലേത് മോഡിയുടെ വിജയമായി വിലയിരുത്തുമ്പോള്‍ അത് ദേശീയ രാഷ്ടീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവിനു കൂടുതല്‍ ബലമേകും. ഗുജറാത്തില്‍ സ്ഥാനര്‍ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണ പരിപാടികള്‍ നിശ്ചയിക്കുന്നതു വരെ ഉള്ള കാര്യങ്ങളില്‍ അവസാന വാക്ക് നരേന്ദ്ര മോഡിയുടേതായിരുന്നു.
നരേന്ദ്ര മോഡിയെ പോലെ ഇന്ത്യയില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ക്ക് വിധേയനായ മറ്റൊരു രാഷ്ടീയ നേതാവോ മുഖ്യമന്ത്രിയോ മുമ്പ് ഉണ്ടയിട്ടില്ല എന്നത് മോഡിയുടെ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യക്ക് വെളിയില്‍ നിന്നു പോലും മോഡിക്ക് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ബ്രിട്ടനും, അമേരിക്കയും മോഡിക്ക് വിസ നിഷേധിക്കുകയുണ്ടയി. എന്നാല്‍ ഇതു കൊണ്ടൊന്നും ഗുജറാത്ത് രാഷ്ടീയത്തില്‍ ഈ അതികായനെ വെല്ലുവാന്‍ മറ്റാര്‍ക്കും ആകുന്നില്ല. ദേശീയ തലത്തില്‍ ബി.ജെ.പി ദുര്‍ബലമാകുമ്പോളും ഗുജറാത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടക്കിയത്.