ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം നടത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ തീഹാര്‍ജയിലില്‍ വച്ച് അതീവ രഹസ്യമായിട്ടായിരുന്നു അഫ്‌സലിനെ തൂക്കിലെറ്റിയത്. ഈ കേസിന്റെ വിചാരണയ്ക്കൊടുവില്‍ അഫ്‌സലിനു വധ ശിക്ഷ വിധിച്ചിരുന്നു. 2005 ഓഗസ്റ്റ് നാലിനു സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന് ഇയാള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ ദയാഹര്‍ജി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശിക്ഷാവിധി നടപ്പിലാക്കിയത്. മൃതദേഹം ജയില്‍ വളപ്പില്‍ മതാചാരപ്രകാരം സംസ്കരിച്ചു.
വധശിക്ഷ നടപ്പാക്കുന്ന വിവരം വെള്ളിയാഴ്ച വൈകുന്നേരം അഫ്‌സലിനെ ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെ ഉദ്യ്യൊഗസ്ഥര്‍ വിളിച്ചുണര്‍ത്തി ചായ നല്‍കി. അതിനു ശേഷം ഇയാള്‍ നിസ്കാരം നടത്തി. തുടര്‍ന്ന് വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൂക്കുമുറിയിലേക്ക് കൊണ്ടു പോയി. എട്ടുമണിയോടെ തൂക്കിലേറ്റി. പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃദദേഹം മതപണ്ഡിതരുടെ നേതൃത്വത്തില്‍ മതാചാരപ്രകാരം സംസ്കരിക്കുകയായിരുന്നു. അഫ്‌സലിനെ തൂക്കിലേറ്റുന്ന വിവരം സ്പീഡ് പോസ്റ്റ് വഴി കുടുമ്പത്തെ അറിയിച്ചിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കാശ്മീരിലെ സോപോര്‍ സ്വദേശിയാണ് അഫ്‌സല്‍. ഇയാളാണ് 2001 ഡിസംബര്‍ 13നു നടന്ന പാര്‍ളമെന്റ്റിനു നേരെ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ആക്രമണത്തില്‍ എട്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഉദ്യാന പാലകനും കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ഭടന്മാരുടെ ആക്രമണത്തില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടിരുന്നു. മുന്‍രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇയാളുടെ ദയാഹര്‍ജിയില്‍ നടപടിയൊന്നും എടുത്തിരുന്നില്ല. എന്നാല്‍ പുതിയ രാഷ്ട്രപതി ചുമതലയേറ്റപ്പോള്‍ ആഭ്യന്തരമന്ത്രാലയം അഫ്‌സലിന്റെ ദയാഹര്‍ജി തള്ളുവാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്‌മല്‍ കസബിനെ കഴിഞ്ഞ നവംബര്‍ 21 നു തൂക്കിലേറ്റിയിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയില്‍ തീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടു പോകുന്നതില്‍ ബി.ജെ.പി ശക്തമായ രാഷ്ടീയ സമ്മര്‍ദ്ദം കൊണ്ടു വന്നിരുന്നു.