ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേടിയ വിജയം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും തിരിച്ചടിയായി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡി തന്റെ സാന്നിധ്യം ഉറപ്പിക്കുവാനായി കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ സജീവമായിരുന്നു. കര്‍ണ്ണാടകയില്‍ സംഭിച്ച ചില കാര്യങ്ങളില്‍ ബി.ജെ.പിയ്ക്ക് തെറ്റുപറ്റിയെന്നും ക്ഷമിച്ച് ഒരു തവണ കൂടെ തങ്ങള്‍ക്ക് അവ്സരം നല്‍കണമെന്നും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോഡി ജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഡിയുടെ യോഗങ്ങളില്‍ വന്‍ ജനപങ്കാളിത്തവും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും വോട്ടായി മാറിയില്ല എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഹിന്ദുത്വ+വികസനം എന്ന മോഡിയുടെ തന്ത്രം കര്‍ണ്ണാടകയിലും പയറ്റിയെങ്കിലും അത് വിജയം കണ്ടില്ല. ഇത് മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയ്ക്ക് ദേശീയത്തില്‍ വലിയ ഒരു തിരിച്ചു വരവിനു സാധ്യത ഉണ്ടെന്ന മാധ്യമ പ്രചാരണങ്ങള്‍ക്ക് മങ്ങല്‍ ഏല്പിച്ചു.
കോണ്‍ഗ്രസ്സിന്റെ മുതിരന്ന നേതാവും സോണിയാ ഗാന്ധിയുടെ മകനുമായാ രാഹുല്‍ ഗാന്ധിയും കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ചുക്കാന്‍ പിടിക്കാന്‍ ഉണ്ടായിരുന്നു. മറ്റു പലയിടങ്ങളിലും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിന്റെ നേതൃത്വം ഏറ്റെടുത്തപ്പോളൊക്കെ പരാജയമായിരുന്നു എങ്കില്‍ കര്‍ണ്ണാടക യില്‍ സ്ഥിതി മറിച്ചായി. പ്രധാനമന്ത്രിസ്ഥാനത്തേക്ക് രാഹുലോ മോഡിയോ എന്ന താരതമ്യം സജീവമായി നടക്കുന്ന സമയത്ത് കര്‍ണ്ണാടകയിലെ വിജയം രാഹുലിനു ലഭിച്ച അപ്രതീക്ഷിതമായ മേല്‍ക്കയ്യായി മാറി. എന്നാല്‍ ഇതിനെ ദേശീയ തലത്തിലുള്ള കാര്യങ്ങളുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.
ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ബി.ജെ.പിക്ക് അധികാരം ലഭിച്ചത്. തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയായി ബി.എസ്.യദിയൂരപ്പ ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ യദിയൂരപ്പയും സംഘവും സംസ്ഥാന ഭരണം താറുമാറാക്കി. ഒടുവില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് യദിയൂരപ്പക്ക് രാജിവെക്കേണ്ടിയും വന്നു. ബി.ജെ.പിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.കല്‍ക്കരി, ഭൂമി കുംഭകോണക്കേസുകള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പിയുടെ മുഖഛായയ്ക്ക് കനത്ത മങ്ങല്‍ ഏല്പിച്ചു. ബി.ജെ.പി ഭരണം തുടര്‍ന്നെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. അതിന്റെ പ്രതിഫലനമായിരുന്നു കോണ്‍ഗ്രസ്സിന്റെ വിജയവും ബി.ജെ.പിയ്ക്ക് ഏറ്റ കനത്ത പരാജയവും.