ന്യൂഡെല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതവ് എല്‍.കെ.അഡ്വാനി പ്രധാനപ്പെട്ട പാര്‍ട്ടി പദവികള്‍ രാജിവെച്ചു. ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി, പാര്‍ളമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് സമിതി എന്നിവയില്‍ നിന്നും രാജിവെച്ചു കൊണ്ടുള്ള കത്ത് ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ സിങ്ങിനാണ് നല്‍കിയത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക് ശരിയല്ലെന്നും അടിസ്ഥാന ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച് നേതാക്കളുടെ വ്യക്തിപരമായ അജണ്ടകളുമായി പാര്‍ട്ടി നിലകൊള്ളുന്നതില്‍ ദു:ഖമുണ്ടെന്നും പാര്‍ട്ടിയുമായി ഒത്തു പോകാനാകില്ലെന്നും അഡ്വാനിയുടെ രാജിക്കത്തില്‍ പറയുന്നു.എന്നാല്‍ അഡ്വാനിയുടെ രാജി അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ അഡ്വാനിയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു വരികയാണ്. മുതിര്‍ന്ന നേതാവായ അഡ്വാനിയുടെ രാജി കനത്ത പ്രതിസന്ധിയാണ് ബി.ജെ.പിക്ക് സൃഷ്ടിച്ചിട്ടുള്ളത്.അഡ്വാനിയുടെ രാജി ദൌര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ലോക്സഭാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കുവാനുള്ള പാര്‍ട്ടി തീരുമാനമാണ് അഡ്വാനിയുടെ രാജിക്ക് കാരണമായത്. മോഡിയെ അധ്യക്ഷനാക്കുവാനുള്ള തീരുമാനത്തോട് നേരത്തെ തന്നെ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഗോവയില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍ അഡ്വാനിയുടെ വിയോപ്പിനെ വകവെക്കാതെ കഴിഞ്ഞ ദിവസം സമാപിച്ച നിര്‍വ്വാഹക സമിതിയോഗം നരേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളുടെ അധ്യക്ഷ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതിനു ശേഷം രാജ്‌നാഥ് സിങ്ങ് അഡ്വാനിയുമായി സംസാരിച്ചിരുന്നെങ്കിലും അനുരഞ്ചനത്തിനു വഴങ്ങുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. നരേന്ദ്ര മോഡിയുടെ നേതൃനിരയിലേക്കുള്ള കടന്നു വരവില്‍ അദ്ദെഹം നേരത്തെ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം മോഡി അനുകൂലികള്‍ അഡ്വാനിയുടെ വീടിനു മുമ്പില്‍ പ്രകടനം നടത്തിയത് അദ്ദേഹത്തെ പ്രകോപിക്കുകയും ചെയ്തു.
നരേന്ദ മോഡിയുടെ ദേശീയ രാഷ്ടീയത്തിലേക്കുള്ള കടന്നു വരവും അദ്ദേഹത്തിനു പാര്‍ട്ടിയില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയും അഡ്വാനിയ്ക്ക് എതിര്‍പ്പുണ്ടാക്കിയിരുന്നു. പല വേദികളിലും അദ്ദേഹം ഇത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നരേന്ദ്ര മോഡിക്ക് അനുകൂലമായ തീരുമാനം അഡ്വാനി പക്ഷത്തിനു വലിയ തിരിച്ചടിയായി. മോഡിയെ തിരഞ്ഞെടുപ്പ് സമിതിയുടെ കണ്‍വീനര്‍ സ്ഥാനം നല്‍കിയാല്‍ മതിയെന്ന അഡ്വാനി വിഭാഗത്തിന്റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തെ തള്ളിക്കൊണ്ട് അധ്യക്ഷസ്ഥാനം നേടിയെടുത്തു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അഡ്വാനിയെ സംബന്ധിച്ച് തന്റെ രാഷ്ടീയ ജീവിതത്തിലെ കനത്ത തിരിച്ചടിയാണ് മോഡി പക്ഷം നല്‍കിയത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം