ഫറൂഖാബാദ്: കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിന് നേരെ തെരഞ്ഞെടുപ്പിനിടെ കല്ലേറുണ്ടായി. മുസ്ലിം സംവരണം സംബന്ധിച്ച് മന്ത്രി നടത്തിയ പ്രസ്താവന ഈയിടെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനിടയിലാണ് ബി ജെ പി, ബി എസ് പി പ്രവര്‍ത്തകര്‍ ലൂയിസ് ഖുര്‍ഷിദിനു നേരെ കല്ലേറ് നടത്തിയത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു കല്ലേറ്. കല്ലേറില്‍ പരുക്കേല്‍ക്കാതെ അവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പിനിടെ ലൂയിസ് മത്സരിക്കുന്ന മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ വച്ച് വൈകിട്ടോടെയാണ് സംഭവം.




ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയ ഖുര്‍ഷിദിനെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്‌ട്രപതിയ്ക്ക് കത്ത് നല്‍കി. രാഷ്ട്രപതി ഭവന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ചട്ടങ്ങള്‍ ലംഘിച്ച് ന്യൂനപക്ഷ സംവരണ വാഗ്ദാനം ആവര്‍ത്തിച്ച നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി രംഗത്തെത്തിയത്. 27 ശതമാനം പിന്നോക്ക സംവരണമുള്ള മുസ്ലീങ്ങള്‍ക്ക് 9 ശതമാനം ഉപസംവരണം വേണമെന്ന മന്ത്രിയുടെ പ്രസ്‌താവന തിരഞ്ഞെടുപ്പ് ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞിരുന്നു. ഇത് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനത്തിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഖുര്‍ഷിദിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടിട്ടുണ്ട്.

























