ദല്‍ഹി: ലോകത്ത് പലയിടത്തും മുല്ലപ്പൂ വിപ്ലവം ഉണ്ടായത് അതാത് രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണാധികാരികള്‍ക്ക് നേരെയുള്ള പ്രതിഷേധമായിരുന്നു. ഈജിപ്തിലും മൊറോക്കോയിലും യമനിലും വര്‍ഷങ്ങള്‍ നീണ്ട ഭരണത്തെ അത് ഇല്ലാതാക്കി. എന്നാല്‍ ഇന്ത്യയില്‍ അത്തരത്തില്‍ ഒരു സമരകാഹളം ജനങ്ങള്‍ ചെവികൊള്ളില്ല എന്നാണ് ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞിരുന്നത്. അണ്ണാ ഹസാരെയുടെ ആദ്യ നിരാഹാര സമരം ആരംഭിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്. ഹസരെയ്ക്ക് ഒപ്പം രാംദേവിനെ പോലുള്ളവര്‍ കൂടിയതോടെ സമരത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തില്‍ പല സംശയങ്ങള്‍ക്കും വഴിവെച്ചു. അദ്ദേഹത്തിന്റെ രണ്ടാം സമരപുറപ്പാടില്‍ നിന്നും രംദേവിനെ പോലുള്ളവരെ മാറ്റിനിര്‍ത്തിയത് ഈ കാരണങ്ങള്‍ കൊണ്ടാകാം. ഇപ്പോഴിതാ ഹസാരെയുടെ രണ്ടാം സമരത്തെ അധികാരത്തിന്റെ ശക്തി ഉപയോഗിച്ചു ഭരണകൂടം തടയുന്നു. തികച്ചും ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന ഈ നടപടിക്കെതിരെ ഇന്ത്യയൊട്ടുക്കും പ്രതിഷേധം ആര്‍ത്തിരമ്പുന്നത് നിസ്സാരമായി കാണാനാകില്ല. തന്റെ അറസ്റ്റിനെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമെന്ന് ഹസാരെ വിശേഷിപ്പിച്ചത്തിലൂടെ കൂടുതല്‍ ജനങ്ങള്‍ അദ്ദേഹത്ത്തിലേക്ക് അടുക്കുകയാണ്. ഇതൊരു മഹാ സമരമായി മാറാതിരിക്കാന്‍ സര്‍ക്കാര്‍ കുറച്ചുകൂടി ബുദ്ധിപരമായി നീങ്ങേണ്ടിയിരുന്നു. എന്നാല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച മന്മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇപ്പോള്‍ സമരത്തെ നേരിടുന്ന രീതി ശരിയല്ല. ഈ അവസരം പ്രതിപക്ഷം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ ഭരണം വീഴുമെന്ന കാര്യത്തില്‍ സംശയം ഇല്ല. പ്രത്യേകിച്ച് അഴിമതിക്കെതിരെ എന്ന ഹസാരെയുടെ നീക്കത്തെ ജനങ്ങള്‍ പോസറ്റീവ് ആയെ കാണുകയുള്ളൂ. ഈ സമരം ഗതി മാറി മുല്ലപ്പൂ വിപ്ലവത്തിലെത്തിയാല്‍ പിന്നെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഹസാരെയ്ക്ക് പിന്തുണയേകി എത്തുന്നു. ഇടതുപക്ഷവും, പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ ബി. ജെ. പിയും ഹസാരെയുടെ സമരത്തിനു പിന്തുണയേകുന്നു. അറസ്റ്റിനെ ശക്തിയായി എതിര്‍ക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സമരത്തിന്റെ ഗതി മാറിയൊഴുകുമെന്നാണ്. അങ്ങനെ വന്നാല്‍ ഹസാരെക്ക് പോലും നിയന്ത്രിക്കാനാവാത്ത തരത്തില്‍ ഈ സമരത്തെ പലരും ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയും തള്ളികളയാനാകില്ല. ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി നടത്തുന്ന ഈ സമരം ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിക്കുമോ ? ഈ ചോദ്യം ഒട്ടുമുക്കവരിലും കിളിര്‍ക്കുന്നുണ്ട്. ജനകീയ പ്രക്ഷോഭത്തെ പോലീസ് ശക്തി ഉപയോഗിച്ച് ഇല്ലാതാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. തന്റെ അറസ്റ്റു കൊണ്ട് സമരത്തെ തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എന്നാല്‍ അതിനനുവദിക്കരുതെന്നും ഹസാരെ പറയുന്നു . രാജ്യത്തെ ജയിലുകള്‍ സമരക്കാരെ കൊണ്ട് നിറയുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഇതിനെ നിസ്സാരമായി തള്ളികളയാനാകില്ല. പ്രതിഷേധം വ്യാപിക്കുന്നത് ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം നടക്കുമോ എന്ന സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.