ന്യൂഡല്‍ഹി: അഴിമതി പ്രശ്‌നങ്ങളില്‍ ബി.ജെ.പി. സ്വീകരിക്കുന്ന അയഞ്ഞ നിലപാടില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, ഉദയ് സിംഗ് എന്നീ എം.പിമാര്‍ രാജിക്കൊരുങ്ങി. ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇവര്‍ ഇക്കാര്യം തുറന്നു പറഞ്ഞത് . ലോക്‌പാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചു ചര്‍ച്ച ചെയ്യാനായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. എന്നാല്‍ ഹസാരെ വിഷയത്തില്‍ ഉള്‍പ്പെടെ വ്യക്‌തമായ നിലപാട് സ്വീകരിക്കാതെ പാര്‍ട്ടി കൃത്യമായ നിലപാട് എടുക്കാതെ വെറുതെ അധരവ്യായാമം നടത്തുകയാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി. എല്‍.കെ. അദ്വാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ രാജി നാടകം അരങ്ങേറിയത് യശ്വന്ത് സിന്‍ഹയാണ് ആദ്യം രാജിസന്നദ്ധത പ്രകടിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വാദത്തെ പിന്തുണച്ച് മറ്റു രണ്ടു എം. പിമാര്‍ കൂടി രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. ശക്‌തവും ഫലപ്രദവുമായ ലോക്‌പാല്‍ ബില്‍ നടപ്പാക്കണമെന്നും അണ്ണാഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. ഹസാരെയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നു പാര്‍ട്ടി നേതാവ് എസ്.എസ്. അലുവാലിയ പറഞ്ഞു. എന്നാല്‍ ഹസാരെയുടെ ജനലോക്‌പാല്‍ ബില്ലിലെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിനു വ്യക്‌തമായ മറുപടി നല്‍കാന്‍ അലുവാലിയ തയാറായില്ല.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം