ചെന്നൈ: ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹാരം അനുഷ്ടിക്കുന്ന അണ്ണാ ഹസാരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകം. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ അവര്‍ ഒരു ദിവസത്തെ നിരാഹാരം ആരംഭിച്ചു. നടീനടന്മാര്‍, സംവിധായകര്‍, എഴുത്തുകാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി സിനിമയുടെ വ്യത്യസ്ഥ മേഘലയില്‍ നിന്നുള്ളവര്‍ സമര പന്തലില്‍ സജീവമാണ്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് സമരം. സൌത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, പ്രോഡ്യൂസേഴ്സ് കൌണ്‍സില്‍, ഫെഫ്‌സി തുടങ്ങിയ സംഘടനകളാണ് പ്രധാനമായും സമരത്തിന് മുന്‍കൈ എടുത്തത്. ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സമരത്തിനെ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ അഴിമതിയ്ക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരത്തിന് തമിഴ് സിനിമാ പ്രവര്‍ത്തകര്‍ പിന്തുണക്കുമ്പോള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു പിന്തുണയുമായി മുന്നോട്ടു വരുവാന്‍ ഇനിയും തയ്യാറായിട്ടില്ല. ഇതിനു കാരണമായി കരുതുന്നത് അടുത്തിടെ മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ കള്ളപ്പണമടക്കം അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതാണ്. മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പും കണ്ടെത്തിയിരുന്നു. ആദ്യ ദിവസങ്ങളില്‍ താരങ്ങളുടെ കള്ളപ്പണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ പിന്നീട് വളരെ പെട്ടെന്നു തന്നെ മാധ്യമങ്ങളില്‍ നിന്നും ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അപ്രത്യക്ഷമായി. വാര്‍ത്തകള്‍ നിലച്ചു വെങ്കിലും ഇവരെ മുന്‍ നിര്‍ത്തിക്കൊണ്ട് കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സംസാരിക്കുവാനോ ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുവാനോ മലയാള സിനിമാ സംഘടനകള്‍ക്ക് അല്പം മടിയുണ്ടാകും. നടന്‍ സുരേഷ് ഗോപി അന്നാ ഹസാരയുടെ നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.