ന്യൂഡല്‍ഹി: അഴിമതിക്കാരനായ അന്നാ ഹസാരയ്ക്ക് അഴിമതിക്കെതിരെ സമരം നടത്താന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. സുശക്തമായ ലോക്പാല്‍ നിയമം വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ അന്നാ ഹസാരെ ആഗസ്റ്റ് 16നു വീണ്ടും അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്നാ ഹസാരയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന് തെളിവുണ്ട്. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് സാവന്ത് കമ്മീഷന്‍ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും മനീഷ് തിവാരി പറഞ്ഞു. തന്റെ ട്രസ്റ്റിന്റെ പേരിലും ഹസാരെ കൂടി അംഗമായ മറ്റൊരു ട്രസ്റ്റിന്റെ പേരിലും അന്നാ ഹസാര അഴിമതി നടത്തിയെന്നാണ് തെളിവുകള്‍ സഹിതം കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇങ്ങനെയൊരാള്‍ക്ക് അഴിമതിക്കെതിരെ സംസാരിക്കാന്‍ അവകാശമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ പരാമര്‍ശങ്ങളിലൂടെ പ്രധാനമന്ത്രിയെ അല്ല ദേശീയ പതാകയെ അവഹേളിക്കുകയാണ് അന്നാ ഹസാരെ ചെയ്തത്. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ലെന്നും മനീഷ് തിവാരി പറഞ്ഞു.