അഹമ്മദാബാദ് : ഗുജറാത്ത് കലാപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സത്യവാങ്ങ്‌മൂലം നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ സസ്പെന്‍ഡ് ചെയ്തു. ഗോധ്ര തീവയ്പിനു ശേഷം നടന്ന കലാപത്തില്‍ ആക്രമണകാരികളെ അനുകൂലിക്കുന്ന നടപടിയാണ് മോഡി സ്വീകരിച്ചത് എന്ന് ഭട്ട് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. ഗോധ്ര സംഭവത്തിനു തൊട്ടടുത്ത ദിവസം നടന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്നും യോഗത്തില്‍ വച്ച് മോഡി മുസ്ലീം വിരുദ്ധ നിലപാട് കൈക്കൊണ്ടു എന്നും ഭട്ട് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഗുജറാത്ത് ആഭ്യന്തര വകുപ്പ് സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കിയത്. അറിയിപ്പ് കൂടാതെ ജോലിക്ക് ഹാജരാവാതിരിക്കുക, ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഭട്ടിനെതിരെ ആരോപിച്ചിരിക്കുന്നത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഭട്ട് ഇപ്പോള്‍ എസ് ആര്‍ പി ട്രെയിനിംഗ് സ്കൂളിന്റെ ചുമതല വഹിക്കുകയായിരുന്നു. ഭട്ടിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ കൃത്യവിലോപം ആരോപിച്ച് ഡിജിപി ചിത്തരഞ്ജന്‍ സിംഗ് രംഗത്ത് വരികയും ഭട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.