ന്യൂഡല്‍ഹി: അണ്ണാ ഹസാരയേയും സംഘത്തിലെ ചിലരേയും അറസ്റ്റിനെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം വ്യാപിക്കുന്നു. തലസ്ഥാനമായ ദില്ലിയില്‍ പലയിടത്തും നിരോധനാഞ്ജയുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. മുംബൈ ഉള്‍പ്പെടെ പലയിടത്തും പ്രതിഷേധങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും പ്രതിഷേധക്കാര്‍ സമരം ആരംഭിച്ചു. രാവിലെ പ്രത്യേകിച്ച് ആരുടേയും ആഹ്വാനമില്ലാതെ തന്നെ ചെറു സംഘങ്ങളായി തിരുവനന്തപുരത്ത് ജനങ്ങള്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങി. കാനായി കുഞ്ഞിരാമന് , ഓ.രാജഗോപാല്‍ തുടങ്ങി സാംസ്കാരിക രാഷ്ടീയ മണ്ഡലങ്ങളില്‍ നിന്നുള്ള പല പ്രമുഖരും സാധാരണക്കാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ ചേര്‍ന്നു. വഴിയാത്രക്കാരും നടക്കാന്‍ ഇറങ്ങിയവരുമെല്ലാം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അണി ചേര്‍ന്നു കൊണ്ടിരിക്കുന്നു.
ഇന്റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇതിനോടകം അണ്ണാ ഹസാരയുടെ സമരത്തിന് ശക്തമായ പിന്തുണയും അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രതിഷേധവും സജീവമായികൊണ്ടിരിക്കുകയാണ്. തെരുവുകളിലെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാലും ഇത്തരം സൈബര്‍ പ്രതിഷേധങ്ങള്‍ക്ക് തടയിടുവാന്‍ സര്‍ക്കാരിനു തലവേദനയാകും. സിറിയയിലും, ഈജിപ്തിലും മറ്റും അഴിമതിക്കെതിരെയും സ്വേഛാധിപത്യത്തിനെതിരെയും ആരംഭിച്ച ജനകീയ സമരങ്ങളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിച്ചത് ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ കൂടെയാണ്. ജനകീയ സമരങ്ങളെ കരുത്താര്‍ജ്ജിപ്പിച്ചതിലും ഏകോപിപ്പിച്ചതിലും ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മാത്രമല്ല വിഷയം ആഗോള തലത്തിലും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
അഴിമതി തടയുവാന്‍ കുറ്റമറ്റ ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഹസാരയും സംഘവും നടത്തി വന്ന സമരത്തെ അടിച്ചമര്‍ത്തുവാനുള്ള ശ്രമത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രധിഷേധം ഊര്‍ജ്ജിതമാകുവാനാണ് സാധ്യത. കക്ഷിരാഷ്ടീയത്തിനതീതമായി ജനങ്ങള്‍ ഏകസ്വരത്തില്‍ അഴിമതിനിര്‍മ്മാര്‍ജ്ജനത്തിനായി ആവശ്യപ്പെടുമ്പോളും പല്ലും നഖവുമില്ലാത്ത ഒരു ലോക്‍പാല്‍ ബില്ലുമായി പാര്‍ളമെന്റില്‍ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2 ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി നിരവധി അഴിമതികള്‍ രാജ്യത്തെ പിടിച്ചു കുലുക്കുമ്പോളും അഴിമതി തടയുന്നതില്‍ തനിക്ക് പരിമിതികള്‍ ഉണ്ടെന്ന രീതിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കിയിട്ടുണ്ട്. രാജ്യം സ്വാതന്ത്യത്തിന്റെ അറുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അഴിമതിക്കെതിരെ പ്രതിഷേധിക്കുവാനുള്ള ജനങ്ങളുടെ അവകാശത്തെ അടിച്ചമര്‍ത്തുന്നത് സ്വേഛാധിപത്യ പരമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം
മുല്ലപ് വിപ്ലവം ഇന്ത്യ യിലും. വിജയം നമ്മുടെതുമാത്രം .മുന്നോട്ടു