ന്യൂഡല്‍ഹി : നരേന്ദ്ര മോഡി സര്‍ക്കാരിന്ന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി. ജെ. പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോഡി സര്‍ക്കാറിന്‍റെ എട്ടു വര്‍ഷത്തെ ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തല താഴ്ത്തി എന്ന് അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ പേജിലൂടെ യാണ് പ്രതികരിച്ചത്.
‘എട്ടു വര്‍ഷത്തെ ഭരണത്തില്‍ ഭാരത മാതാവിന് നാണക്കേട് കൊണ്ട് തല താഴ്‌ത്തേണ്ടി വന്നു. കാരണം ലഡാക്കില്‍ നമ്മള്‍ ചൈനക്കാരുടെ മുമ്പില്‍ ഇഴഞ്ഞു, റഷ്യക്കാരുടെ മുന്നില്‍ മുട്ടുകുത്തി, ക്വാഡ് ചര്‍ച്ചയില്‍ അമേരിക്കക്കാരുടെ മുന്നിലും പതുങ്ങി, കുഞ്ഞു രാജ്യമായ ഖത്തറിന് മുന്നില്‍ പോലും സാഷ്ടാംഗ പ്രണാമം നടത്തി. നമ്മുടെ വിദേശ നയത്തിന്‍റെ അധഃപതനമാണ് ഇതെല്ലാം’ സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
പ്രവാചകന്‍ മുഹമ്മദ് നബിക്ക് എതിരെ നൂപുര്‍ ശര്‍മ്മ വിവാദ പരാമര്‍ശം നടത്തിയതില്‍ അറബ് രാജ്യങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബി. ജെ. പി. യില്‍ നിന്നും അവരെ പുറത്താക്കിയിരുന്നു. പ്രതിഷേധവുമായി കൂടുതല്‍ ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, യു. എ. ഇ., ഇറാന്‍ എന്നീ രാജ്യങ്ങള്‍ നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവന അധിക്ഷേപകരം എന്നാണ് വിശേഷിപ്പിച്ചത്.