മുംബൈ: ക്രിക്കറ്റ് കളിയിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന്റെ വിലക്ക് നീക്കില്ല എന്ന് ബി. സി. സി. ഐ. കഴിഞ്ഞ ദിവസം ഡെൽഹി കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെ തുടർന്ന് ശ്രീശാന്തിന്റെ വിലക്ക് നീക്കണം എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ബി. സി. സി. ഐ. യോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ക്രിക്കറ്റ് കളിക്കാരായ ശ്രീശാന്തിനേയും അങ്കീത് ചവാനേയും വിലക്കിയത് ക്രിമിനൽ നടപടികളുടേയോ കോടതിയിലെ കേസിന്റേയോ പേരിലല്ല, മറിച്ച് അഴിമതി നിരോധന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, കളിക്കാരുടെ അച്ചടക്ക രാഹിത്യത്തേയും മുൻ നിർത്തിയാണ്. അതിനാൽ ഇരുവർക്കും എതിരെയുള്ള വിലക്ക് തുടരുക തന്നെ ചെയ്യും എന്ന് ബി. സി. സി. ഐ. അറിയിച്ചു.
കേസിലെ 36 പ്രതികളിൽ ശ്രീശാന്ത്, അങ്കീത് ചവാൻ, അജിത് ചാണ്ടില എന്നിവർ ജയിൽ ശിക്ഷ അനുഭവിക്കുകയുണ്ടായി.