ന്യൂഡെല്‍ഹി: ഐ. പി. എൽ. ക്രിക്കറ്റില്‍ ഒത്തുകളി ക്കേസില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നിവര്‍ക്ക് ബി. സി. സി. ഐ. ആജീവനന്ത വിലക്ക് ഏര്‍പ്പെടുത്തി. ഇവരെ കൂടാതെ രാജസ്ഥാന്‍ റോയൽസിന്റെ മുന്‍ താരം അമിത് സിങ്ങിനു അഞ്ചു വര്‍ഷവും സിദ്ധാര്‍ഥ ത്രിവേദിക്ക് ഒരു വര്‍ഷവും വിലക്കുണ്ട്. അജിത് ചാന്ദിലയുടെ കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും. വെള്ളിയാഴ്ച ഡെല്‍ഹിയില്‍ ചേര്‍ന്ന ബി. സി. സി. ഐ. അച്ചടക്ക സമിതി യോഗമാണ് തീരുമാനമെടുത്തത്. ഒത്തുകളിയെ കുറിച്ച് രവി സവാനിയുടെ നേതൃത്വത്തില്‍ ബി. സി. സി. ഐ. അഴിമതി വിരുദ്ധ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഒത്തുകളി ക്കേസുമായി ബന്ധപ്പെട്ട് ബി. സി. സി. ഐ. അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നില്‍ക്കേണ്ടി വന്ന എൻ. ശ്രീനിവാസനും താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സമിതിയില്‍ ഉണ്ടായിരുന്നു. ഡെല്‍ഹി പോലീസ് ശേഖരിച്ച തെളിവുകൾ, താരങ്ങളുടെ മൊഴികള്‍ തുടങ്ങിയവ അന്വേഷണത്തില്‍ ഉപയോഗിച്ചു.
ബി. സി. സി. ഐ. യുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്നു ക്രിക്കറ്റിനെ താന്‍ സ്നേഹിക്കുന്നതായും ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.