ന്യൂഡെല്‍ഹി:ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. ശ്രീശാന്തിനെ കൂടാതെ അങ്കിത് ചവാന്‍, അജിത് ചാണ്ഡില എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ് ഇവര്‍. ശ്രീശാന്തിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നും മറ്റു രണ്ടു പേരെ ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കിങ്ങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മെയ് 9നു നടന്ന കളിയിലാണ് ശ്രീശാന്ത് ഒത്തു കളിച്ചത്. കരാര്‍ പ്രകാരം രണ്ടാമത്തെ ഓവറില്‍ 14 റണ്‍സ് വഴങ്ങി.
ഈ ഒത്തു കളിയുടെ ഭാഗമായി ശ്രീശാന്ത് 40 ലക്ഷം കൈപറ്റിയെന്നാണ് പോലീസ് പറയുന്നത്. അങ്കിത് ചവാന്‍ 60 ലക്ഷം രൂപയും കൈപറ്റി. നേരത്തെ
നിശ്ചയിച്ച പ്രകാരം ഒത്തുകളിക്കാതിരുന്നതിന്റെ പേരില്‍ അജിത് ചാണ്ഡില മുന്‍കൂട്ടി കൈപറ്റിയ 20 ലക്ഷം രൂപ തിരികെ നല്‍കേണ്ടി വന്നു. നേരത്തെ
പറഞ്ഞുറപ്പിച്ചത് പ്രകാരം താന്‍ കളിക്കുവാന്‍ പോകുകയാണെന്നതിനു വാതുവെപ്പുകാര്‍ക്ക് താരങ്ങള്‍ ചില സൂചനകള്‍ നല്‍കും. ഇതിനായി ടവ്വാല്‍, വാച്ച്,
കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലെ ലോക്കറ്റ് തുടങ്ങിയവയെ ഇവര്‍ ഉപയോഗിക്കുന്നു. തെളിവുകള്‍ സഹിതമാണ് ദില്ലി പോലീസ് പുറത്ത് വിട്ടത്. മറ്റു
കളിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
ഒത്തുകളിയുടെ സൂത്രധാരന്‍ ശ്രീശാന്ത് ആണെന്നും സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട്. കളിക്കാരെ കൂടാതെ ഏഴ് വാതുവെപ്പുകാരെയും പിടികൂടിയിട്ടുണ്ട്.
പിടിയിലായ മലയാളി ജിജു നാരായണന്‍ ശ്രീശാന്തിന്റെ ബന്ധുവാണെന്ന് സൂചനയുണ്ട്. ഇവരില്‍ നിന്നും നിരവധി സിംകാര്‍ഡുകളും പണവും
പിടിച്ചെടുത്തിട്ടുണ്ട്. ഐ.പി.എല്ലിന്റെ മറവില്‍ കോടികളുടെ വാതുവെപ്പ് നടക്കുന്നതായി ആരൊപണം ഉയര്‍ന്നിട്ടുണ്ട്.
വിവാദങ്ങള്‍ വിട്ടുമാറാത്ത താരമാണ് ശ്രീശാന്ത്. കളിക്കളത്തിനകത്തും പുറത്തും മര്യാദപാലിക്കാതെ പെരുമാറിയതിന്റെ പേരില്‍ പലതവണ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് ഈ മലയാളി താരം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കായികം, കുറ്റകൃത്യം, ക്രിക്കറ്റ്, പോലീസ്, വിവാദം