കൊല്‍ക്കത്ത: ലൈംഗിക പീഢന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഏഷ്യാഡ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന് പോലീസ് കസ്റ്റഡിയിലും ജയിലിലും മനുഷ്യത്വ രഹിതമായ പീഢനം നേരിടേണ്ടി വരുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാന്‍ സംസ്ഥാനത്തെ ആഭ്യന്തര, ആരോഗ്യ വകുപ്പുകളോട് ആവശ്യപ്പെട്ടു. പിങ്കിക്കെതിരായ നടപടി പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അശോക് കുമാര്‍ ഗാംഗുലി പറഞ്ഞു. പിങ്കി സ്ത്രീ അല്ലെന്നും ആണാണെന്നും അവര്‍ തന്നെ ബലാത്സംഗം ചെയ്തന്നും ആരോപിച്ച് കൂട്ടുകാരി നല്‍കിയ പരാതിയെ തുടർന്നാണ് അവര്‍ അറസ്റ്റിലായത്. പിങ്കിയുടെ ലിംഗ നിര്‍ണ്ണയം സംബന്ധിച്ച് വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനകളില്‍ ഇനിയും തീരുമാനം ആയിട്ടില്ല. എന്നാല്‍ പിങ്കി സ്ത്രീ ആണെന്നും എന്നാല്‍ അറസ്റ്റിലായതിനു ശേഷം പുരുഷന്മാരായ പോലീസുകാരാണ് അവരെ കൈകാര്യം ചെയ്യുന്നതെന്നും ഇത് ശരിയല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സ്ത്രീ ആണെന്ന് പറഞ്ഞാണ് പിങ്കി മത്സരങ്ങളില്‍ പങ്കെടുത്തു വരുന്നത്. ദേശീയ തലത്തില്‍ ഉള്ള ഒരു അത്‌ലറ്റിനു ഇപ്രകാരം മനുഷ്യത്വ രഹിതമായ അനുഭവം ഉണ്ടാകുന്നതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.