ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും വോട്ടര്‍മാര്‍ക്കു നല്‍കുന്ന വാഗ്ദാനങ്ങള്‍ എങ്ങിനെ നടപ്പിലാക്കും എന്നും അതിനുള്ള സാമ്പത്തിക സ്രോതസ്സ് എതാണ് എന്നും അതു കണ്ടെത്തുക എപ്രകാരം ആയിരിക്കും എന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണം എന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അത് എങ്ങനെ നടപ്പിലാക്കും എന്ന് അറിയുവാനുള്ള വോട്ടറുടെ അവകാശം സംരക്ഷിക്കപ്പെടണം എന്നത് കൂടി പരിഗണിച്ചാണ് ഇത്. പുതിയ നിര്‍ദ്ദേശ പ്രകാരം, തെരഞ്ഞെടുപ്പു വേളകളില്‍ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ അത് നടപ്പിലാക്കുവാന്‍ ആവശ്യമായ തുകയുടെ വിശദാംശം ഉള്‍പ്പെടെ നല്‍കേണ്ടി വരും.