എന്ഡവറിലെ ബഹിരാകാശ യാത്രികര് ശൂന്യാകാശത്തില് നടന്നു. ടിം കോപ്ര, ഡേവ് വുള്ഫ് എന്നീ ആസ്ട്രോനോട്ടുകളാണ് ശനിയാഴ്ച രാത്രി 09:49ന് ശൂന്യാകാശ നടത്തത്തില് ഏര്പ്പെട്ടത്. ടിം കോപ്രയുടെ കന്നി നടത്തം ആയിരുന്നു ഇത്. എന്നാല് തഴക്കമുള്ള ഡേവിന്റെ അഞ്ചാമത്തെ ശൂന്യാകാശ നടത്തമായിരുന്നു ഇന്നലത്തേത്.
അന്താരാഷ്ട ശൂന്യാകാശ നിലയത്തില് ഒരു ജാപ്പനീസ് പരീക്ഷണ ശാല യുടെ നിര്മ്മാന ജോലികള് പൂര്ത്തിയാക്കുക എന്ന ദൌത്യവുമായാണ് എന്ഡവര് നിലയത്തില് എത്തിയിട്ടുള്ളത്. നേരത്തേ ശൂന്യാകാശ നടത്തത്തില് ഉപയോഗിക്കുന്ന പ്രത്യേക സ്യൂട്ടുകള് ഇവര് സൂക്ഷ്മ നിരീക്ഷണം നടത്തി അവ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി. ഇത്തരം അഞ്ച് നടത്തങ്ങളാണ് ഈ ദൌത്യത്തില് ലക്ഷ്യം ഇട്ടിരിക്കുന്നത്.
വെള്ളിയാഴ്ച എന്ഡവര് നിലയത്തില് വിജയകരമായി ഡോക്ക് ചെയ്യുകയുണ്ടായി. പേടകത്തിന്റെ താപ നിരോധന പുറം ചട്ടക്ക് കേട് പറ്റി എന്ന റിപ്പോര്ട്ടിനെ തുടര്ന്ന് പേടകത്തിന് നിലയത്തില് ഡോക്ക് ചെയ്യുന്നതിന് സാധിക്കുമോ എന്ന സംശയം നില നിന്നിരുന്നു. മണിക്കൂറില് 28,000 കിലോമീറ്റര് വേഗത്തില് സഞ്ചരിച്ചു കൊണ്ടാണ് പേടകം നിലയവുമായി യോജിപ്പിച്ചത്. വെറും നാലര സെന്റീമീറ്റര് വ്യത്യാസം മാത്രമാണ് പേടകം ഡോക്ക് ചെയ്യുമ്പോള് ഉണ്ടായിരുന്നത് എന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
ടിം, ഡേവ് എന്നിവരുടെ ആഗമനത്തോടെ ശൂന്യാകാശ നിലയത്തിലെ അന്തേവാസികളുടെ എണ്ണം മുന്പെങ്ങും ഇല്ലാത്ത വണ്ണം 13 ആയി. 124 ദിവസം ശൂന്യാകാശത്തില് കഴിഞ്ഞ ജപ്പാന് എഞ്ചിനിയര് കോയിചിക്ക് പകരമായി ടിം നിലയത്തില് തുടരും. കോയിചി എന്ഡവറില് തിരിച്ചു വരികയും ചെയ്യും.