ശ്രീഹരിക്കോട്ട: ഉഷ്‌ണമേഖലാ രാജ്യങ്ങളിലെ കാലാവസ്‌ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് കുതിപ്പ് നല്‍കുന്ന ഇന്ത്യ-ഫ്രഞ്ച് സംയുക്‌ത സംരംഭമായ മേഘാ ട്രോപിക്‌സ് വിജയകരമായി വിക്ഷേപിച്ചു. കാലാവസ്‌ഥ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്നതിനൊപ്പം മഴമേഘങ്ങളുടെ സഞ്ചാരം, മഴയുടെ ഗതി, ആഗോള താപനം മഴയെ ബാധിക്കുന്നത് തുടങ്ങിയവയും പഠിക്കുവാന്‍ സാധിക്കും. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നുമാണ് മേഘ ട്രോപിക്‌സും വഹിച്ച് പി.എസ്.എല്‍.വി സി-18 ലക്ഷ്യസ്ഥാനത്തെത്തിയത്. മേഘാ ട്രോപിക്‌സിനൊപ്പം മറ്റ് മൂന്നു ചെറു ഉപഗ്രഹങ്ങളും വഹിച്ചാണ് പി.എസ്.എല്‍.വി സി-18 ഭ്രമണപഘത്തിലേക്ക് കുതിച്ചത്. ഭ്രമണപഘത്തില്‍ 867 കീലോമീറ്റര്‍ അകലെയാണ് മേഘാ ട്രോപിക്‌സ് സ്‌ഥാനം പിടിച്ചിരിക്കുന്നത്. 1000 കിലോഗ്രാമാണ് മേഘയുടെ ഭാരം.
1993 മുതല്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന 50ാമത് ഉപഗ്രഹം എന്ന പ്രത്യേകതയും മേഘാ ട്രോപിക്‌സിനുണ്ട്. ഇവയില്‍ 48 എണ്ണവും ലക്ഷ്യസ്‌ഥാനത്തെത്തിക്കാന്‍ പി.എസ്.എല്‍.വിക്ക് കഴിഞ്ഞു .തിങ്കളാഴ്‌ച രാവിലെ 9 മണിയോടെ ആരംഭിച്ച 50 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണിന് ശേഷമാണ് നാല് ഉപഗ്രഹങ്ങളും വഹിച്ച് പി.എസ്.എല്‍.വി സി-18 ഭ്രമണപഥത്തിലേക്ക് കുതിച്ചത്. കാലാവസ്‌ഥ വ്യതിയാന പഠനത്തില്‍ ഇന്ത്യയുടെ ആദ്യസംരംഭമാണ് മേഘാ ട്രോപിക്‌സ്. ഈ മേഖലയില്‍ ഉപഗ്രഹം വിക്ഷേപിച്ച രണ്ടാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്കായി.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്‌ഥ, ശാസ്ത്രം, സാങ്കേതികം